ജോജോ തോമസ് MPCC ജനറൽ സെക്രട്ടറിയായി തുടരും

0
JOJO THOMAS

മുംബൈ: മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) പുനഃസംഘടനയിൽ കണ്ണൂർ സ്വദേശിയായ ജോജോ തോമസിനെ വീണ്ടും ജനറൽ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് നൽകിയ സംഭാവനകളും പ്രവർത്തനമികവും പരിഗണിച്ചാണ് എ.ഐ.സി.സി.യുടെ ഈ തീരുമാനം.
52-കാരനായ ജോജോ തോമസ്, കഴിഞ്ഞ 38 വർഷമായി കോൺഗ്രസ് പാർട്ടിയിൽ സ്ഥിരതയോടെ പ്രവർത്തിക്കുന്ന നേതാവാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു നേതാവ് ഇത്രയും കാലം ഒരേ പാർട്ടിയിൽ ഉറച്ചുനിൽക്കുന്നത് അപൂർവമായാണ് വിലയിരുത്തപ്പെടുന്നത്.

2018 മുതൽ എം.പി.സി.സി. ഭാരവാഹിയായ ജോജോ തോമസ് , സംസ്ഥാന കോൺഗ്രസ്സ്‌ രാഷ്ട്രീയത്തിലെ
അതികായരായ അശോക് ചവാൻ, ബാലാസാഹിബ് തോറാട്ട്, നാനാ പട്ടോളെ എന്നിവർ സംസ്ഥാന അധ്യക്ഷരായിരുന്നപ്പോഴും നേതൃനിരയിൽ ഇവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ജോജോ തോമസ് പൊതുരംഗത്തേക്ക് കടന്നുവന്നത്. പയ്യന്നൂർ കോളേജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ്, കോളേജ് യൂണിയൻ ചെയർമാൻ തുടങ്ങി എന്നീ നിലകളിൽ പ്രവർത്തിച്ചതിന് ശേഷം മുംബൈയിലെത്തി. ദക്ഷിണ മുംബൈ ജില്ലാ സെക്രട്ടറി, എം.പി.സി.സി. സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തുടർന്ന് ഒരു ജില്ലയുടെ മുഴുവൻ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു നേതാവിന് ഉയർന്ന ഒരു പദവി ലഭിക്കുന്നത് ശ്രദ്ധേയമായ ഒരു അംഗീകാരമായാണ് രാഷ്ട്രീയ പ്രബുദ്ധതയുള്ള സമൂഹം കാണുന്നത്.

രാഷ്ട്രീയ പ്രവർത്തനങ്ങൾക്കൊപ്പം മുംബൈയിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായ ജോജോ തോമസ്, ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) എന്ന സാംസ്‌കാരിക സംഘടനയ്ക്ക് നേതൃത്വം നൽകുന്നുണ്ട് . മറാഠി-മലയാളി സമൂഹങ്ങളെ ഒരുമിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ലോക കേരള സഭാംഗമായ ജോജോ കേരള സംഗീതനാടക അക്കാദമിയുടെ പശ്ചിമമേഖലകമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സഖ്യകക്ഷി ധാരണയുടെ ഭാഗമായി അവസരം നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷവും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി തുടർന്ന അദ്ദേഹത്തിന് നേതൃത്വം നൽകിയ പുതിയ നിയമനം, അദ്ദേഹത്തിലുള്ള വിശ്വാസ്യതയുടെയും സ്ഥിരതയാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവുമായാണ് കണക്കാക്കപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *