‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

0

 

അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ ബീന എന്ന 50 വയസുകാരിയാണ് ഏറെ മാനസിക പീഡനമനുഭവിച്ച ശേഷം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചിതയായത്.

വീസാ കാലാവധി കഴിഞ്ഞ ഇവരെ പൊതുമാപ്പിലൂടെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചയക്കുമെന്ന് മോചനത്തിന് നേതൃത്വം നൽകിയ ആശ്രയം യുഎഇ പ്രസിഡന്റ് റഷീദ് കോട്ടയിൽ, എൻ.ഷംസുദ്ദീൻ എന്നിവർ അറിയിച്ചു. യുവതി തടവിൽ കഴിയുന്ന വാർത്ത കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ റിപോർട് ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു ആശ്രയം യുഎഇ ഭാരവാഹികളുടെ ഇടപെടല്‍. യുഎഇയിലെ കോതമംഗലം മൂവാറ്റുപ്പുഴ സ്വദേശികളായ ദീപു തങ്കപ്പൻ, അനുര മത്തായി എന്നിവരും അജാസും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ വെൽഫയർ സന്നദ്ധ പ്രവർത്തകൻ പ്രവീണും ഇതിനായി പ്രവർത്തിച്ചു.

∙ സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് അപേക്ഷിച്ചത് വിനയായി
സമൂഹമാധ്യമത്തിൽ കണ്ട പരസ്യം വഴി കോട്ടയത്തെ ഒരു റിക്രൂട്ടിങ് ഏജൻസിയുമായി ബന്ധപ്പെട്ടതോടെയാണ് ബീനയുടെ ദുരിതകാലം ആരംഭിക്കുന്നത്. ഏജൻസിയിലെ ആതിര എന്ന ജീവനക്കാരിയായിരുന്നു ഇവരെ ടൂറിസ്റ്റ് വീസയിൽ യുഎഇയിലേയ്ക്ക് പറഞ്ഞയച്ചത്. വിമാനത്താവളത്തിൽ നിന്ന് സെയിൽസ് മാനായ മലപ്പുറം സ്വദേശി ഷംസു ബീനയെ കൂട്ടിക്കൊണ്ടുവന്ന് അജ്മാനിലെ റിക്രൂട്ടിങ് ഏജൻസിയായ ശ്രീലങ്കക്കാരനെ ഏൽപിക്കുകയായിരുന്നു. ഇതിന് ഇയാൾ പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് അവർ ബീനയെ അജ്മാനിലെ സ്വദേശി വീട്ടിൽ ജോലിക്ക് നിർത്തിയെങ്കിലും വൈകാതെ അവിടെ നിന്ന് പിരിച്ചുവിട്ടതോടെ, ഓഗസ്റ്റ് 14 മുതൽ അജ്മാനിലെ ശ്രീലങ്കക്കാരന്റെ തടങ്കലിൽ കഴിയുകയായിരുന്നു.

രണ്ടര ലക്ഷം രൂപ തന്നാൽ മാത്രമേ ബീനയെ നാട്ടിലേയ്ക്ക് വിടുകയുള്ളൂ എന്നായിരുന്നു ശ്രീലങ്കക്കാരന്റെ നിലപാട്. ഇത് അവരെ ഏൽപിച്ച ഷംസു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവക വികാരി ഫാ.കെ.വൈ. നിഥിനും ദുബായിൽ ജോലി ചെയ്യുന്ന ബിനു മാത്യു വഴി മനോരമ ഓൺലൈനിന്റെ സഹായം തേടി. വാർത്ത വായിച്ച് ബീനയുടെ നാട്ടുകാരായ ആശ്രയം യുഎഇ ഭാരവാഹികളും പ്രവീണും പ്രശ്നത്തിൽ ഇടപെട്ടു. ആദ്യം ആവശ്യം നിരാകരിച്ചെങ്കിലും ഒടുവിൽ ഷംസു പണം നൽകാൻ തയ്യാറായതോടെയാണ് ബീനയ്ക്ക് മോചനം ലഭിച്ചത്. റഷീദ് കോട്ടയിലിന്റെ നേതൃത്വത്തിൽ ബീനയ്ക്ക് സംരക്ഷണവുമൊരുക്കി. ബീനയുടെ ഹൗസ് മെയ് ഡ് വീസാ നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല. ടൂറിസ്റ്റ് വീസാ കാലപരിധി കഴിയുകയും ചെയ്തിരുന്നു. എന്നാൽ പാസ്പോർട് കൈവശമുള്ളതിനാൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴയോ മറ്റോ ഇല്ലാതെ തിങ്കളാഴ്ച ഇവരെ നാട്ടിലേയ്ക്ക് തിരിച്ചയക്കാൻ സാധിക്കുമെന്ന് റഷീദ് കോട്ടയിൽ പറഞ്ഞു.

∙ വീട്, മക്കളുടെ ഭാവി; പ്രതീക്ഷകളുടെ ‘സ്വപ്നചിറകിൽ’

കെട്ടുറപ്പുള്ളൊരു വീട്, വിദ്യാർഥികളായ മക്കളുടെ ഭാവി– ബീന രണ്ടര മാസം മുൻപ് സ്വപ്നച്ചിറകിലേറെ യുഎഇയിലേയ്ക്ക് പറക്കുമ്പോൾ ഇതായിരുന്നു മനസിലുണ്ടായിരുന്നത്. അജ്മാനിൽ സെയിൽസ്മാനായ മലപ്പുറം സ്വദേശി ഷംസുവാണ് ഇവരെ ഇവിടേയ്ക്ക് കൊണ്ടുവരാൻ വഴിയൊരുക്കിയത്. അജ്മാൻ മത്സ്യ വിപണിയുടെ പരിസരത്തുള്ള സിറ്റി ലൈഫ് അൽ ഖോർ കെട്ടിടത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീലങ്കക്കാരന്റെ റിക്രൂട്ടിങ് ഏജന്‍സി ഓഫിസ് ഷംസു വഴി കോതമംഗലത്തുകാരിക്ക് ടൂറിസ്റ്റ് വീസ അയച്ചുകൊടുക്കുകയായിരുന്നു.

താനിതിന് മുൻപും ഇതുപോലെ രണ്ടുമൂന്ന് പേർക്ക് ജോലി ശരിയാക്കി നൽകിയിട്ടുണ്ടെന്നും അവരെല്ലാം ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ വീട്ടുജോലി ചെയ്തു കഴിയുന്നു എന്നുമാണ് ഷംസു പറയുന്നത്. വീട്ടുജോലിക്കിടെ മുളക് പൊടി കൈകാര്യം ചെയ്യുമ്പോൾ തുമ്മിയതിനാണ് തനിക്ക് സ്വദേശി ഭവനത്തിൽ നിന്ന് ജോലി നഷ്ടമായതെന്ന് ബീന പറയുന്നു. ജോലികൾ കഠിനമായിരുന്നെങ്കിലും അവിടെ തന്നെ തുടരാനായിരുന്നു ആഗ്രഹം. മറ്റെവിടെയെങ്കിലും ജോലി ശരിയാക്കിത്തരണമെന്ന് അഭ്യർഥിച്ചെങ്കിലും ശ്രീലങ്കക്കാരൻ ചെവികൊണ്ടില്ല. യുഎഇയിൽ നല്ലൊരു ജോലി കിട്ടിയാൽ നിൽക്കാനാണ് താത്പര്യം. ഭർത്താവിന് നാട്ടിലെ റബർ കമ്പനിയിൽ ഇടയ്ക്ക് മാത്രമേ ജോലിയുണ്ടാകാറുള്ളൂ. അതുകൊണ്ട് വീട്, മക്കളുടെ ഭാവി എന്നീ സ്വപ്നങ്ങൾ പൂവണിയിക്കാൻ ഇവിടെ തുടര്‍ന്നേ തീരൂ. ശ്രീലങ്കക്കാരൻ ശാരീരികമായി യാതൊരു ഉപദ്രവും ഏൽപിച്ചില്ലെങ്കിലും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നു. ശ്രീലങ്കൻ ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും ബീന പറഞ്ഞു.

യഥാർഥത്തിൽ വീട്ടുജോലിയെക്കുറിച്ച് വ്യക്തമായ ധാരണകളില്ലാതെ പ്രവാസ ലോകത്തെത്തുന്ന സ്ത്രീകളാണ് ഇത്തരം പ്രശ്നത്തില്‍പ്പെടുന്നതെന്നും അല്ലാത്തവര്‍ കൃത്യമായി ജോലി ചെയ്ത് ജീവിക്കുന്നതായും കോട്ടയത്തെ റിക്രൂട്ടിങ് ഏജൻസിക്കാർ പറയുന്നു. എല്ലാം പറഞ്ഞു മനസിലാക്കിയാണ് ബീനയെ പറഞ്ഞുവിട്ടതെന്നും കൂട്ടിച്ചേർത്തു. എന്നാൽ നാട്ട‌ിൽ നിന്ന് വിമാനം കയറ്റി അയച്ചാൽ ജോലി കഴിഞ്ഞു എന്ന നിലപാടാണ് ഇവരുടേത്.

∙ കുട്ടമ്പുഴയിലെ വികാരിക്ക് പറയാനുള്ളത്…

ദുരിതത്തിലായ സ്ത്രീയുടെ ഭര്‍ത്താവ് കോതമംഗലം കുട്ടമ്പുഴയിലെ വികാരി ഫാ. കെ.വൈ.നിഥിനെ പതിവായി കണ്ടുമുട്ടാറുണ്ട്. നേരത്തെ ഗൾഫിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീ പിന്നീട് നാട്ടിലേയ്ക്ക് മടങ്ങുകയും മാസങ്ങൾക്ക് ശേഷം യുഎഇയിലേയ്ക്ക് വീട്ടുജോലിക്കായി പുറപ്പെടുകയുമായിരുന്നു.

യുഎഇയിലേയ്ക്ക് പുറപ്പെടുംമുൻപ് പ്രാർഥിക്കാൻ വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് താനിക്കാര്യം അറിയുന്നതെന്ന് അച്ചൻ പറഞ്ഞു. പിന്നീട്, ഭാര്യ യുഎഇയിലെത്തിയെന്നും സ്വദേശി ഭവനത്തിൽ ജോലി ലഭിച്ചെന്നുമൊക്കെ നിഥിനച്ചനെ അറിയിച്ചിരുന്നു. കോതമംഗലത്ത് നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന

കുട്ടമ്പുഴയിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ചെറുകിട ജോലികൾ ചെയ്താണ് മിക്കവരും ഉപജീവനം നടത്തുന്നത്. പ്രതിസന്ധിയിലായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെ റബർ കമ്പനിയിലെ ജോലിക്കാരനായിരുന്നു. എന്നാൽ, ജോലി എപ്പോഴും ഉണ്ടാകണമെന്നില്ല. മൂന്ന് മക്കളാണ് ദമ്പതിമാർക്കുള്ളത്. മൂത്ത മകൾ വിവാഹിതയായി. താഴെയുള്ള രണ്ടാൺമക്കൾ വിദ്യാർഥികളാണ്. ഇവരുടെ ഭാവിക്കും കെട്ടുറപ്പുള്ള നല്ലൊരു വീട് നിർമിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയായരുന്നു ഇവർ യുഎഇയിലേയ്ക്ക് വന്നത്.

വീട്ടുജോലി അത്ര എളുപ്പമല്ല
സ്വദേശി ഭവനങ്ങളിലെ ജോലി വിചാരിക്കുന്നത്ര എളുപ്പമല്ലെന്നും എല്ലാ മനസിലാക്കി വേണം അതിനായി ഗൾഫിലെത്താനെന്നും റഷീദ് കോട്ടയിൽ മുന്നറിയിപ്പ് നൽകുന്നു. അടുത്തകാലത്തായി ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങൾ റിപോർട് ചെയ്തിട്ടുണ്ട്. പല കേസുകളിലും സ്വദേശികൾ ഇതിൽ കുറ്റക്കാരല്ല. വീട്ടുജോലിക്കാരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവരുന്ന റിക്രൂട്ടിങ് ഏജൻസികളുടെ ഏതുവിധേനയും പണം സമ്പാദിക്കാനുള്ള ത്വരയാണ് എല്ലാത്തിനും കാരണം. പലരും ജോലി വിചാരിച്ചത്ര എളുപ്പമല്ല എന്ന് മനസിലാകുകയും കഴിയുന്നത്ര പിടിച്ചുനിൽക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

ഒടുവിൽ തീരെ വയ്യാതാകുമ്പോൾ സ്ഥലം കാലിയാക്കുന്നു. ഇതുവഴി പ്രതിസന്ധിയിലാകുന്നത് വീസയ്ക്ക് പണം മുടക്കിയവരാണ്. മിക്കവരും രണ്ട് വർഷത്തെ കരാറിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. വീട്ടുജോലിക്കാർ നിസഹകരണം പ്രഖ്യാപിക്കുന്നതോടെ തൊഴിലുടമകൾ, അവർ പണം നൽകിയ ഏജൻസികളെ ബന്ധപ്പെടുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതോടെ ഏജൻസികൾ പ്രതിസന്ധിയിലായി വീട്ട‌ുജോലിക്കാരിൽ നിന്ന് പണം ഈടാക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുന്നു.

അറബ് വീടുകളിലെ ജോലിയുടെ സ്വഭാവം മനസിലാക്കി വേണം നാട്ടിൽ നിന്ന് ഇറങ്ങിപ്പുറപ്പെടാൻ. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിൽ വീട്ടുജോലികൾ ചെയ്ത് സന്തോഷത്തോടെ ജീവിക്കുന്നുണ്ട്. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി പെരുമാറുന്നവരുമുണ്ട്. ഇതൊക്കെ മനസിലാക്കിയാൽ ജീവിതത്തിലെ പ്രതിസന്ധി ഇല്ലാതാക്കാൻ സാധിക്കും.

∙ ജോലി–വീസാ തട്ടിപ്പ് തുടർക്കഥ
ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിെഎഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച് നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.

∙ ജോലി തട്ടിപ്പ്; ജാഗ്രത പുലർത്തുക
1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഇൗ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *