ജോ റൂട്ടിനു പിന്നാലെ ഹാരി ബ്രൂക്കിന് കന്നി ഇരട്ടസെഞ്ചറി, 400 കടന്ന് കൂട്ടുകെട്ട്; മുൾട്ടാൻ ടെസ്റ്റിൽ 100 കടന്ന് ഇംഗ്ലണ്ടിന്റെ ലീഡ്
മുൾട്ടാൻ ∙ ആറു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാൻ മണ്ണിൽ ഇംഗ്ലിഷ് താരങ്ങൾക്ക് ഇരട്ട സെഞ്ചറി നേടാനായിട്ടില്ലെന്ന കുറവ്, ‘ഡബിൾ’ ഇരട്ടസെഞ്ചറികളുമായി അവർ തീർത്തു! ജോ റൂട്ടിനു പിന്നാലെ ടെസ്റ്റിലെ കന്നി ഇരട്ടസെഞ്ചറിയുമായി ഹാരി ബ്രൂക്കും തിളങ്ങിയതോടെ, പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ്. നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 130 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 658 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ജോ റൂട്ട് 259 റൺസോടെയും ഹാരി ബ്രൂക്ക് 218 റൺസോടെയും ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതിനകം 409 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.245 പന്തിൽ 18 ഫോറും ഒരു സിക്സും സഹിതമാണ് ബ്രൂക്കിന്റെ കന്നി ടെസ്റ്റ് സെഞ്ചറി.
റൂട്ട് 305 പന്തിൽ 14 ഫോറുകളോടെയാണ് ഇരട്ടസെഞ്ചറിയിലെത്തിയത്. ഇതിനു മുൻപ് 1962ലാണ് ഒരു ഇംഗ്ലിഷ് താരം പാക്ക് മണ്ണിൽ ഇരട്ടസെഞ്ചറി നേടിയത്. അന്ന് ടെഡ് ഡെക്സ്റ്റർ കറാച്ചിയിൽ 205 റൺസാണെടുത്തത്. പാക്കിസ്ഥാനെതിരെ ഏതൊരു വിക്കറ്റിലുമായി ഇംഗ്ലണ്ടിന്റെ ഉയർന്ന കൂട്ടുകെട്ടു കൂടിയാണിത്. പിന്നിലാക്കിയത് 2020ൽ സതാംപ്ടനിൽ 359 റൺസ് കൂട്ടുകെട്ട് തീർത്ത ജോസ് ബട്‍ലർ – സാക് ക്രൗളി സഖ്യത്തെ. ഇതുവരെ 368 പന്തുകൾ നേരിട്ട റൂട്ട് 17 ഫോറുകൾ സഹിതമാണ് 259 റൺസെടുത്തത്.
ബ്രൂക്ക് 57 പന്തിൽ 20 ഫോറും ഒരു സിക്സും സഹിതം 218 റൺസെടുത്തു.ടെസ്റ്റിൽ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തിൽ രണ്ട് ഇംഗ്ലിഷ് താരങ്ങൾ ഇരട്ടസെഞ്ചറി നേടുന്നത്. 1985ൽ ഇന്ത്യയ്‌ക്കെതിരെ ചെന്നൈയിൽ മൈക്ക് ഗാറ്റിങ് (207), ഗ്രെയിം ഫ്ലവർ (201) എന്നിവരാണ് ഇതിനു മുൻപ് ഇരട്ടസെഞ്ചറി നേടിയത്. പാക്കിസ്ഥാനെതിരെ ടെസ്റ്റിൽ കൂടുതൽ 250+ സ്കോറുകൾ നേടിയവരിൽ ഇന്ത്യയുടെ വീരേന്ദർ സേവാഗിനൊപ്പമെത്താനും റൂട്ടിനായി. രണ്ടു തവണയാണ് ഇരുവരും പാക്കിസ്ഥാനെതിരെ 250 കടന്നത്.
കൂടുതൽ തവണ 250 പിന്നിട്ട ഇംഗ്ലിഷ് താരങ്ങളിൽ അലസ്റ്റയർ കുക്ക്, വാലി ഹാമണ്ട് എന്നിവർക്കൊപ്പമെത്താനും റൂട്ടിനായി.നേരത്തേ, വ്യക്തിഗത സ്കോർ 186ൽ നിൽക്കെ നസീം ഷായുടെ പന്തിൽ ജോ റൂട്ട് നൽകിയ സുവർണാവസരം സൂപ്പർതാരം ബാബർ അസം കൈവിട്ടിരുന്നു. മിഡ് വിക്കറ്റിൽ അനായാസം കയ്യിലൊതുക്കാമായിരുന്ന അവസരമാണ് ബാബർ കൈവിട്ടത്. തൊട്ടടുത്ത പന്തിൽ ബൗണ്ടറിയുമായി റൂട്ട് 190ലേക്കു കുതിക്കുകയും ചെയ്തു.ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കി.
വ്യക്തിഗത സ്കോർ 71ൽ എത്തിയപ്പോഴാണ് 12,472 റൺസ് നേടിയ കുക്കിന്റെ റെക്കോർഡ് റൂട്ട് മറികടന്നത്. ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ സാക് ക്രൗളി (85 പന്തിൽ 78), ബെൻ ഡക്കറ്റ് (75 പന്തിൽ 84) എന്നിവരും അർധസെഞ്ചറി നേടി. നിരാശപ്പെടുത്തിയത് ഡക്കായ ക്യാപ്റ്റൻ ഒലി പോപ്പ് മാത്രം.ഇംഗ്ലണ്ടിനു നഷ്ടമായ മൂന്നു വിക്കറ്റുകൾ പാക്കിസ്ഥാൻ താരങ്ങളായ ഷഹീൻ അഫ്രീദി, നസീം ഷാ, ആമിർ ജമാൽ എന്നിവർ പങ്കിട്ടു. ഒന്നാം ഇന്നിങ്സിൽ ഓപ്പണർ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റൻ ഷാൻ മസൂദ് (151), ആഗ സൽമാൻ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാൻ 556 റൺസെടുത്തത്.