ഉപഭോക്താക്കള്‍ക്ക് വീണ്ടും റിലയന്‍സ് ജിയോയുടെ തിരിച്ചടി
മുംബൈ : താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് അടുത്ത ഇരുട്ടടിയുമായി റിലയന്‍സ് ജിയോ. ഏറെ പ്രചാരത്തിലുള്ള 395 രൂപയുടെയും 1,559 രൂപയുടെയും പ്രീപെയ്‌ഡ് അണ്‍ലിമിറ്റഡ് 5ജി റീച്ചാര്‍ജ് പ്ലാനുകള്‍ ജിയോ പിന്‍വലിച്ചതായാണ് ലൈവ്‌മിന്‍റിന്‍റെ റിപ്പോര്‍ട്ട്. ഉപഭോക്താക്കളില്‍ വലിയ ഞെട്ടലാണ് റിലയന്‍സ് ജിയോയുടെ നീക്കം സമ്മാനിച്ചിരിക്കുന്നത്. താരിഫ് നിരക്കുകള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജിയോയുടെ പുത്തന്‍ നീക്കം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ പിന്‍വലിച്ച 395 രൂപയുടെ പാക്കേജിന് 84 ദിവസത്തെ കാലാവധിയാണുണ്ടായിരുന്നത്. അതേസമയം 1,559 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ വാഗ്‌ദാനം നല്‍കിയിരുന്നത് 336 ദിവസത്തെ ഉപയോഗവും. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയായിരുന്നു ഇരു പ്ലാനുകളുടെയും ആകര്‍ഷണം. ഏറെ ഡാറ്റ ആവശ്യമായവര്‍ക്ക് പ്രയോജനകരമായിരുന്നു ഇരു റീച്ചാര്‍ജ് ഓപ്ഷനുകളും.
നേരത്തെ സ്വകാര്യ ടെലികോം കമ്പനികളില്‍ താരിഫ് നിരക്ക് വര്‍ധനയ്ക്ക് തുടക്കമിട്ടത് റിലയന്‍സ് ജിയോയായിരുന്നു. അടിസ്ഥാന റീച്ചാര്‍ജ് പ്ലാനില്‍ 22 ശതമാനത്തിന്‍റെ വര്‍ധനവാണ് ഇതിനെ തുടര്‍ന്നുണ്ടായത്. 155 രൂപ മുമ്പുണ്ടായിരുന്ന പ്ലാന്‍ റീച്ചാര്‍ജ് ചെയ്യാന്‍ ഇപ്പോള്‍ 189 രൂപ നല്‍കണം. 209 രൂപയുടെ പാക്കേജിന് 249 രൂപയും 239 രൂപയുടെ പാക്കേജിന് 299 രൂപയും 299 രൂപയുടെ പാക്കേജിന് 349 രൂപയുമായി ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തേക്ക് (365 ദിവസം) ദിനംപ്രതി 2.5 ജിബി ഡാറ്റ നല്‍കുന്ന പാക്കേജില്‍ 600 രൂപയുടെ വര്‍ധനവുണ്ടായി. ജിയോ നിരക്കുകള്‍ കൂട്ടിയതിന് പിന്നാലെ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. 2024 ജൂലൈ ആദ്യമാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. അതേസമയം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പഴയ നിരക്കുകളില്‍ തുടരുകയാണ്.