ഭരണനേട്ടങ്ങൾ അറിയാനും പഠിക്കാനും ജാർഖണ്ഡ് സംഘം കോട്ടയത്തെത്തി

0

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും നേരിട്ടു മനസിലാക്കാൻ ജാർഖണ്ഡ് ജനപ്രതിനിധി സംഘം കേരളത്തിലെത്തി.ജാര്‍ഖണ്ഡില്‍ നിന്നുള്ള 16 ജില്ലാ പരിഷത്ത് പ്രസിഡന്‍റുമാരും ഒരു വൈസ് പ്രസിഡന്‍റും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചത്. ‘കില’ യിലെ പഠന ക്ലാസുൾപ്പെടെ നാലു ദിവസത്തെ സന്ദർശനമാണ് സംഘം കേരളത്തിൽ നടത്തുന്നത്.

കോട്ടയത്തെത്തിയ സംഘത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേം സാഗർ, വൈസ് പ്രസിഡന്‍റ് ജോസ് പുത്തൻകാലാ, മുൻ പ്രസിഡന്‍റുമാരായ കെവി ബിന്ദു, നിർമല ജിമ്മി, സ്ഥിരം സമിതി അധ്യക്ഷരായ പിഎം മാത്യു, മഞ്ജു സുജിത്ത്, പിആർ അനുപമ, ഹൈമി ബോബി, സെക്രട്ടറി പിഎസ് ഷിനോ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൗൺസിൽ ഹാളിൽ നടന്ന കൂടിക്കാഴ്‌ചയിൽ വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള അവതരണം നടത്തി.സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത് കാര്യങ്ങൾ വിശദികരിച്ചു. കേരളത്തിന്‍റെ നവോഥാന പാരമ്പര്യവും പിന്നീട് ജനകീയ സർക്കാരുകളുടെ നേതൃത്വത്തിൽ നടന്ന സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ മുന്നേറ്റങ്ങളും വിശദമാക്കുന്നതായിരുന്നു അവതരണം. ഇവിടെനിന്നു മനസിലാക്കിയ കാര്യങ്ങൾ പ്രചോദനം നൽകുന്നവയാണെന്നും അവ ജാർഖണ്ഡിലും നടപ്പിലാക്കാൻ ശ്രമിക്കുമെന്നും സംഘാംഗങ്ങൾ പറഞ്ഞു. ജാർഖണ്ഡിൽ ജില്ലാ പരിഷത്തുകൾക്ക് സർക്കാർ ഗ്രാന്‍റ് നൽകുന്നില്ലെന്നും അതിനാൽതന്നെ പരിമിതമായേ പ്രവർത്തിക്കാനാകുന്നുള്ളൂവെന്നും അവർ പറഞ്ഞു.

 

കില കൺസൽട്ടന്‍റ് പിവി രാമകൃഷ്‌ണന്‍റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ജില്ലാ പരിഷത്ത് പ്രസിഡന്‍റുമാരായ സുനിതാ ദേവി (ജില്ല. ബൊക്കാറോ), ബാരി മുർമു (ഈസ്റ്റ് സിങ്‌ഭും), ബേബിദേവി (ഗോദ്ദാ), ഉമേഷ് പ്രസാദ് മേത്ത (ഹസാരിബാഗ്), രാധാറാണി സോറൻ (ജംതാരാ), മാസിഹ് ഗുരിയ (കുന്തി), രാംധൻ യാദവ് (കോദർമ), സോനാരാം ബോദ്ര (അരൈകേലാ കർസേവ), ജൂലി ക്രിസ്റ്റ്മനി ഹെൻ (പാകൂർ), മോനിക്കാ കിസ്‌കു (സഹേബ്‌ഗഞ്ച്), ലക്ഷ്‌മി സോറൻ (വെസ്റ്റ് സിങ്‌ങും), പൂനം ദേനി (ലതീഹർ), കിരൺ ബാര (ഗുംല), നിർമല ഭഗത് (റാഞ്ചി), റീനാകുമാരി (ലോഹർദഗ), ശാന്തിദേവി (ഗർഹ്വ), സുധാദേവി (രാംഗർ), ശാരദാ സിങ് (ധൻബാദ്), സത്യനാരായൺ യാദവ് (ഗർഹ്വ ജില്ലാ പരിഷത് വൈസ് ചെയർമാൻ) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്നലെ രാവിലെ എറണാകുളം ജില്ലയിലെ മണീട് ഗ്രാമ പഞ്ചായത്തിൽ സന്ദശനം നടത്തിയ ശേഷമാണ് കോട്ടയത്തെത്തിയത്. ബുധനാഴ്‌ച ആലപ്പുഴയിലെത്തി കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മനസിലാക്കും. വ്യാഴാഴ്‌ച സംഘം മടങ്ങും.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *