സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു

കോട്ടയം: പാലാ രാമപുരത്ത് പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. അശോകന് 80 ശതമാനം പൊള്ളലേറ്റിരുന്നു. ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് അശോകനെ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്നലെ വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളജ് ആശുത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് മറ്റൊരു കടയുടമായ രാമപുരം ഇളംതുരുത്തിയിൽ തുളസിദാസ് ജ്വല്ലറിയിലെത്തി അശോകന് നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. തീയിട്ട ഉടൻ ഓടി രക്ഷപെട്ട പ്രതി, ഒരു മണിക്കൂറിനുശേഷം രാമപുരം പൊലീസിൽ കീഴടങ്ങിയിരുന്നു.
അശോകനും തുളസീദാസും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ടായിട്ടുണ്ട്.രാമപുരം ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് അശോകന്റെ കണ്ണനാട്ട് ജ്വലറി. കരാറുകാരനായ തുളസീദാസിന്റെ സിമന്റ് കട അശോകന്റെ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഇതിൻ്റെ വാടകയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നു. അശോകന്റെ കെട്ടിടത്തിലെ ചില നിർമാണപ്രവർത്തനങ്ങൾ നടത്തിയ വകയിൽ തുളസീദാസിന് പണം നൽകാനുണ്ടെന്നും പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കയ്യാങ്കളിയും ഉണ്ടായി. ഈ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് തുളസീദാസ് ജ്വല്ലറിയിലെത്തി അശോകനു നേരെ പ്രെട്രോളൊഴിച്ച് തീ കൊളുത്തിയത്. നിലവില്‍ വധശ്രമത്തിനുള്ള വകുപ്പുകളാണ് അശോകനെതിരെ ചുമത്തിയിരിക്കുന്നത്.