ജിൻസൻ്റെ ജീവിതം ദുഖകരമായ ഒരു കുറിപ്പിൽ അവസാനിക്കുന്നു, ശ്രുതി, വയനാട് മണ്ണിടിച്ചിൽ, നടൻ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി

0

രാത്രിയില്‍ ഉരുളൊലിച്ചെത്തി അച്ഛന്‍, അമ്മ, സഹോദരിയുള്‍പ്പെടെ എല്ലാവരെയും കവര്‍ന്ന ശ്രുതിക്ക് താങ്ങായിരുന്നു ജെന്‍സണ്‍. ‘ഞാനുണ്ട് നിനക്കൊപ്പം’ എന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച ജെന്‍സണ്‍ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരുടെ കഥ അറിയുന്നവരെല്ലാം. കേരളമൊന്നാകെ ജീവിതത്തിലേക്കുള്ള ജെന്‍സന്റെ മടങ്ങിവരവിനായി പ്രാര്‍ഥിച്ചെങ്കിലും അതൊക്കെ വിഫലമാക്കിയാണ് ആ വേര്‍പാട്. ശ്രുതിയുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്.

ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ഈ വേദനയെന്നും ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും സഹനത്തിനു ശക്തി ലഭിക്കട്ടെ എന്നും മമ്മൂട്ടി സോഷ്യല്‍മീഡിയ കുറിപ്പില്‍ പറഞ്ഞു.

‘ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു. ശ്രുതിയുടെ വേദന. ചിന്തിക്കാവുന്നതിനും അപ്പുറമാണ്. സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും.’മമ്മൂട്ടി കുറിച്ചു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലെ വെള്ളാരംകുന്നില്‍ ശ്രുതിക്കൊപ്പം വാനില്‍ സഞ്ചരിക്കവേയുണ്ടായ അപകടത്തിലാണ് ജെന്‍സണ് സാരമായി പരിക്കേറ്റത്. ശ്രുതിയുടെ കുടുംബാംഗങ്ങളായ ഏഴുപേരും കൂടെയുണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജെന്‍സണ്‍ ബുധനാഴ്ച രാത്രിയാണ് മരിച്ചത്.

ഡി.എന്‍.എ. പരിശോധനയിലൂടെ അമ്മ സബിതയുടെ മൃതദേഹം തിരിച്ചറിഞ്ഞശേഷം അമ്മയെ അടക്കിയ സ്ഥലം ആദ്യമായി കാണാന്‍ പുത്തുമലയിലെ പൊതുശ്മശാനത്തില്‍ എത്തുമ്പോള്‍ ശ്രുതിക്കൊപ്പം ജെന്‍സണും ഉണ്ടായിരുന്നു.

ശ്രുതിയും ജെന്‍സണും സ്‌കൂള്‍കാലംമുതല്‍ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹനിശ്ചയത്തിലേക്കെത്തിയത്. കല്യാണത്തിന് കരുതിയിരുന്ന സ്വര്‍ണവും പണവും വീടും ഉരുള്‍ കൊണ്ടുപോയിരുന്നു. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, ശ്രുതിക്ക് എന്തിനും കൂടെയൊരാള്‍ വേണമെന്ന ബോധ്യത്തില്‍ ഈ മാസം അവസാനത്തില്‍ വെറും ചടങ്ങുമാത്രമാക്കി ശ്രുതിയെ ജീവിതത്തിലേക്ക് കൂട്ടാനുള്ള തീരുമാനത്തിലായിരുന്നു ജെന്‍സണ്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *