കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

0
jayakumar

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്നു റിപ്പോർട്ടുകൾ. ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളിൽപ്പെട്ട് സർക്കാർ പ്രതിരോധത്തിലാണ്. ഈ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥരെ എത്തിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ അന്തിമ തീരുമാനമുണ്ടാകും. തീരുമാനം നാളെയുണ്ടാകുമെന്നും വാർത്തകളുണ്ട്.

ഇതിന്റെ ഭാ​ഗമായി കെ ജയകുമാറിന്റെ പേരിനാണ് മുൻ​ഗണനയെന്നു പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ 5 പേരുകളാണ് സ്ഥാനത്തേക്ക് ഉയർന്നു വന്നത്. മുഖ്യമന്ത്രിയടക്കമുള്ളവർ ജയകുമാറിന്റെ പേരിനാണ് മുൻ​ഗണന നൽകിയതെന്നാണ് സൂചന. ജയകുമാറുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോ​ഗിക ചർച്ചകൾ നടത്തിയതായും സൂചനകളുണ്ട്. നിലവിലെ പ്രസിഡന്റ് പി പ്രശാന്തിനു കാലാവധി നീട്ടിനൽകേണ്ടതില്ലെന്നു സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

ദേവസ്വം പ്രസിഡന്റിനെ തീരുമാനിച്ചുവെന്നും എന്നാൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകൾ ആയിരിക്കില്ലെന്നും പുതിയ ആൾ ആയിരിക്കുമെന്നും സിപിഎം സെസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ മണ്ഡല, മകര വിളക്ക് തീർഥാടന കാലം ഈ മാസം 16നു ആരംഭിക്കാനിരിക്കെ ഏറ്റവും വേ​ഗത്തിൽ ദേവസ്വം ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ചർച്ചകളാണ് പുരോ​ഗമിക്കുന്നത്.

ശബരിമലയിൽ മുൻകാലങ്ങളിൽ പ്രവൃത്തിച്ചു പരിചയമുള്ള ഉദ്യോ​ഗസ്ഥനാണ് ജയകുമാർ. ബഹുമുഖ പ്രതിഭയായ അദ്ദേഹം ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *