ജാർഖണ്ഡിൽ ചംപയ് സോറൻ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു
- 47 പേരുടെ പിന്തുണയോടെ ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ
ജാർഖണ്ഡ്: വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയോടെ ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേക്ക്. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാൻ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎ മാരെ ഇന്നലെ റാഞ്ചിയിൽ എത്തിച്ചു. ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്തു. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു.ചംപയ് സോറന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനാണ് വിശ്വാസ വോട്ടെടുപ്പ് നടന്നത്. ജാർഖണ്ഡിലെ 81 അംഗസഭയിൽ കേവല ഭൂരിപക്ഷത്തിന് 41 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവിൽ 47 നിയമസഭ അംഗങ്ങളാണ് ഭരണപക്ഷത്തുള്ളത്.