ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്ദുല്ലയുടെ സത്യപ്രതിജ്ഞ ഉടൻ
ന്യൂഡൽഹി∙ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനുപിന്നാലെ സർക്കാർ രൂപീകരണത്തിന് ഒമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് (എൻസി) സഖ്യം ഒരുങ്ങുന്നതിനിടെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ആറു വർഷമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിനു കീഴിലായിരുന്നു.സംസ്ഥാനത്തിന്റെ പ്രത്യേക പദവി പിൻവലിച്ച്, ജമ്മു കശ്മീരും ലഡാക്കുമെന്ന രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞത്. 2014ലാണ് ഇതിനുമുൻപ് ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് നടന്നത്.അടുത്ത ദിവസങ്ങളിൽത്തന്നെ ഒമർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. രണ്ടാംതവണയാണ് ഒമർ അബ്ദുല്ല ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുന്നത്.