ജമ്മു കശ്മീർ, ഹരിയാന തിരഞ്ഞെടുപ്പ്: എക്സിറ്റ് പോൾ ഫലം വൈകിട്ട്

0

 

ന്യൂഡൽഹി∙   ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോൾ ഫലം ഇന്ന് അറിയാം. ഹരിയാനയിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുപിന്നാലെയാകും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടുക. രാത്രി 7 മണിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ അറിയാനാകുമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. യുവജന പ്രതിഷേധവും കർഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്.

ബിജെപിക്ക്‌ വോട്ട്‌ ചെയ്യരുതെന്നാവശ്യപ്പെട്ട്‌ കർഷക സംഘടനകൾ ശക്തമായ പ്രചാരണം നടത്തിയത് വോട്ടെടുപ്പിനെ സ്വാധീനിച്ചോയെന്ന് എക്സിറ്റ് പോളിൽ സൂചന ലഭിക്കും. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് ക്യാംപിന്റെ പ്രതീക്ഷ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയും കഴിഞ്ഞതവണ 10 സീറ്റുകൾ നേടിയ ജെജെപിയും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.

കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. പത്ത‌ു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആയിരുന്നിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *