ജമ്മു കശ്മീരിൽ തീർഥാടകരുമായി പോയ ബസ് കൊക്കയിൽ മറിഞ്ഞ് വന്‍ദുരന്തം; 21 പേര്‍ക്ക് ദാരുണാന്ത്യം

0

ശ്രീനഗർ: ജമ്മു കശ്മീരിൽ 150 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 21 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരുക്കേറ്റു. ജമ്മു ജില്ലയിലെ ചോക്കി ചോര ബെൽറ്റിലെ തംഗ്ലി മോർ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. തീർഥാടകരുമായി പോവുകയായിരുന്ന ബസ് റോഡിൽ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

50 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നായി റിയാസി ജില്ലയിലെ ശിവ ഖോരി ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകരായിരുന്നു.

ജമ്മു പൂഞ്ച് ഹൈവേയിലൂടെ യാത്ര തുടരവെ 150 അടി താഴ്‌ച്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സഖ്യ ഇനിയും കൂടിയേക്കും. വീതി കൂട്ടല്‍ ജോലികള്‍ നടക്കുന്നതിനാല്‍ റോഡ് മോശം അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമായ അപകടമാണ് സംഭവിച്ചത്. അനുശോചനം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടം താങ്ങാന്‍ കരുത്ത് ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും പരുക്കേറ്റവരെ ജമ്മുവിലെ അഖ്‌നൂർ ആശുപത്രിയിലേക്കും സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിലേക്കും മാറ്റിയതായും അധികൃതർ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *