ജമ്മുകശ്മീരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നത് പിരഗണനയിൽ: അമിത് ഷാ

0

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ സൈന്യത്തെ പിന്‍വലിച്ച് ക്രമസമാധാന ചുമതല പൂര്‍ണമായി ജമ്മു കശ്മീര്‍ പൊലീസിനെ ഏല്‍പ്പിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍കാലങ്ങളില്‍ പൊലീസിന് കാര്യമായി ഇടപെടാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പൊലീസിന് ക്രമസമാധാനം മെച്ചപ്പെട്ട നിലയില്‍ കൈകാര്യം ചെയ്യാനായിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. കശ്മീരിലെ വിവധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും അഫ്‌സ്പ പിന്‍വലിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ പരിഗണനിയിൽ ഇക്കാര്യമുണ്ട്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് 7 വര്‍ഷത്തേക്കുള്ള ബ്ലൂ പ്രിന്റ് സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. അത് ഘട്ടംഘട്ടമായി നടപ്പാക്കും. തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം പരിഗണിക്കും.
ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 30 നുള്ളില്‍ നടത്താനാണ് സുപ്രീംകോടതി ഉത്തരവ്. ആ ഉത്തരവ് നടപ്പാക്കും. ജമ്മു കശ്മീരില്‍ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്, അത് നടപ്പാക്കും. ഈ ജനാധിപത്യം 3 കുടുംബങ്ങളില്‍ മാത്രം ഒതുങ്ങില്ല, ജനകീയ ജനാധിപത്യമായിരിക്കും വരികയെന്നും അമിത് ഷാ പറഞ്ഞു. കാശ്മീരിൽ ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് എന്‍ഡിഎ സർക്കാരാണ്. സ്ത്രീകൾക്കും മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തി. ഗുജ്ജന്‍, ബക്കർവാളുകൾ എന്നിവർക്കപ്പം പഹാഡികൾക്കും 10 ശതമാനം സംവരണം നൽകിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *