കോടതിമുറിയില്‍ വനിത അഭിഭാഷകര്‍ക്ക് മുഖാവരണം വേണ്ടെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി

0

 

ശ്രീനഗര്‍: വനിതാ അഭിഭാഷകര്‍ക്ക് മുഖാവരണം ധരിച്ച് കോടതിയില്‍ ഹജരാകാൻ സാധിക്കില്ലെന്ന് ജമ്മു കശ്‌മീര്‍ ഹൈക്കോടതി. അഭിഭാഷകരുടെ ഡ്രസ് കോഡ് സംബന്ധിച്ചുള്ള ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ഇക്കഴിഞ്ഞ നവംബര്‍ 27ന് പരിഗണിച്ച ഗാര്‍ഹിക പീഡന പരാതി റദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേസില്‍ ഹര്‍ജിക്കാര്‍ക്കായി ഹാജരായ അഭിഭാഷക മുഖാവരണം ധരിച്ചെത്തിയ സംഭവത്തിലാണ് കോടതിയുടെ നിരീക്ഷണം.

കേസ് പരിഗണിച്ച ദിവസം സയ്യിദ് ഐനൈൻ ഖാദ്രി എന്ന സ്‌ത്രീയായിരുന്നു മുഖം മറച്ചുകൊണ്ട് കോടതിയില്‍ ഹാജരായത്. അഭിഭാഷകയോട് മുഖാവരണം മാറ്റാൻ ജസ്റ്റിസ് രാഹുൽ ഭാരതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കോടതിയില്‍ തന്‍റെ മൗലികാവകാശങ്ങള്‍ ചൂണ്ടിക്കാട്ടിയ വനിതാ അഭിഭാഷക മുഖാവരണം മാറ്റാൻ വിസമ്മതിച്ചു.

ഇതിന് പിന്നാലെ ഒരു വ്യക്തിയെന്ന നിലയിലും പ്രൊഫഷണലെന്ന നിലയിലും അവരുടെ യഥാര്‍ഥ ഐഡന്‍റിറ്റി സ്ഥിരീകരിക്കാൻ അടിസ്ഥാനവും അവസരവുമില്ലാത്തതിനാല്‍ ഹര്‍ജിക്കാരുടെ അഭിഭാഷകയായി സയ്യിദ് ഐനൈൻ ഖാദ്രിയെ പരിഗണിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. കേസ് മാറ്റിവച്ച കോടതി, നിയമങ്ങൾ അത്തരം വസ്ത്രങ്ങൾ അനുവദിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ രജിസ്ട്രാർ ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

ഡിസംബര്‍ അഞ്ചിന് സമർപ്പിച്ച രജിസ്ട്രാർ ജനറലിൻ്റെ റിപ്പോർട്ടില്‍ വനിതാ അഭിഭാഷകരുടെ ഡ്രസ് കോഡ് കോടതി മുറിയിൽ മുഖാവരണം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി. ബിസിഐ ചട്ടങ്ങളിലെ നാലാം അധ്യായത്തിലെ (ഭാഗം VI) സെക്ഷൻ 49 (1) (gg) പ്രകാരമുള്ള നിയമങ്ങൾ ഉദ്ധരിച്ചാണ് ജസ്റ്റിസ് മോക്ഷ ഖജൂരിയ കാസ്‌മി അഭിഭാഷകര്‍ക്ക് മുഖം മറയ്ക്കാൻ അനുവദിക്കുന്ന ഒരു വസ്ത്രവും നിര്‍ദേശിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *