ആവശ്യത്തിന് ജീവനക്കാരില്ല: കരിപ്പൂരിൽ നിന്നുള്ള വിമാനം റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം റദ്ദാക്കി വ്യാഴഴ്ച പുറപ്പെടേണ്ട വിമാനമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയത്. വ്യാഴം രാവിലെ 9.35 നു ദോഹയിലേക്കു പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്.
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. ജീവനക്കാരുടെ സമരം ഒത്തുതീർന്നെങ്കിലും ഇപ്പോഴും വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടില്ല. ഏതാനും ദിവസങ്ങൾക്കകം സർവീസുകൾ പൂർണതോതിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി.
ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വേറെയും.ശമ്പളവും മറ്റ് ആനുകൂല്യങ്ങളിലും മാനേജ്മെന്റുമായുളള അഭിപ്രായ ഭിന്നതയെ തുടർന്നാണ് മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസിലെ ക്യാബിൻ ക്രൂ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത്.