പ്രവാസികളെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; നിരവധി സർവീസുകൾ റദ്ദാക്കി
മസ്കത്ത്: യാത്രക്കാർക്ക് വീണ്ടും തിരിച്ചടിയായി മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്തമാസം ഏഴാ തീയ്യതി വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദ് ചെയ്‌തെന്നാണ് പുതിയ അറിയിപ്പ്. ജൂൺ ഒന്നാം തീയ്യതി വരെയുള്ള പല സർവ്വീസുകളും ഇതിനിടെ റദ്ദാക്കിയ നിലയിലാണ്.
ജൂൺ ഏഴുവരെ ഒമാനിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നു. ജൂൺ 2, 4, 6 തീയ്യതികളിൽ കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് സർവ്വീസ് നടക്കില്ല. ജൂൺ 3, 5, 7 തീയ്യതികളിലുള്ള മസ്കറ്റ് – കോഴിക്കോട് വിമാന സർവ്വീസും റദ്ദ് ചെയ്തു.
ജൂൺ 1, 3, 5, 7 തീയ്യതികളിൽ കണ്ണൂരിൽ നിന്നും മസ്കറ്റിലേക്കും തിരിച്ചും വിമാന സർവ്വീസ് നടക്കില്ല . പുതിയ തീരുമാനം തിരുനന്തപുരത്ത് നിന്നും മസ്കറ്റിലേക്കും തിരിച്ചുമുള്ള സർവ്വീസുകളേയും ബാധിക്കും. ജൂൺ 1, 3, 5, 7 തീയ്യതികളിൽ തിരുവനന്തപുരം- മസ്കറ്റ് സർവ്വീസ് റദ്ദ് ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
ബലിപെരുന്നാൾ ആഘോഷത്തിനും കേരളത്തിൽ അധ്യയന വർഷം ആരംഭിക്കുന്നത് കണക്കാക്കിയും യാത്രകൾ പദ്ധതിയിട്ടവർക്ക് കനത്ത തിരിച്ചടിയാകും എയർ ഇന്ത്യയുടെ പുതിയ നീക്കം. ഇതിനോടകം മസ്കറ്റിൽ നിന്നും തിരിച്ചുമുള്ള സർവീസുകൾ റദ്ദ് ചെയ്ത നിലയിലാണ്. ചുരുക്കത്തിൽ യാത്ര പഴയ പാടിയാകാൻ ഇനിയും കാത്തിരിക്കണമെന്ന് അർത്ഥം.