‘പൊലീസാണ് അറിയിച്ചത്; തിരികെ വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, സഹോദരനെ ഓർത്ത് അമ്മ ഒരുപാട് കരഞ്ഞു’

0

 

പത്തനംതിട്ട∙  മ‍ഞ്ഞിൽ പുതഞ്ഞ ഓർമകൾ 56 വർഷത്തിനു ശേഷം തിരിച്ചെത്തിയപ്പോൾ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ വീട്ടിൽ നിറഞ്ഞത് സങ്കടവും സന്തോഷവും. ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ 1968ലുണ്ടായ സൈനിക വിമാനാപകടത്തിൽ പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ മരിച്ചതായി ഇന്നലെയാണ് സൈന്യം കുടുംബത്തെ അറിയിച്ചത്. നീണ്ട നാളത്തെ തിരച്ചിലിനൊടുവിലാണ് മഞ്ഞിൽ പുതഞ്ഞ തോമസ് ചെറിയാന്റേത് ഉൾപ്പെടെ 4 പേരുടെ മൃതദേഹം കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കണ്ടെടുത്തത്.

നാലു സഹോദരങ്ങളാണ് തോമസ് ചെറിയാന്. സഹോദരൻ തോമസ് തോമസ് വടക്കേ ഇന്ത്യയിലെ ജോലിക്കുശേഷം ഇലന്തൂരിൽ വിശ്രമജീവിതം നയിക്കുന്നു. മറ്റൊരു സഹോദരൻ തോമസ് വർഗീസിന് കൃഷിയാണ്. സഹോദരി മേരി. പരേതനായ മൂത്ത സഹോദരൻ തോമസ് മാത്യുവും സൈനികനായിരുന്നു. ജീവിച്ചിരുന്നെങ്കിൽ തോമസ് ചെറിയാന് 78 വയസ്സ് ആകുമായിരുന്നു. തോമസ് ചെറിയാന്റെ ശരീരത്തിൽനിന്നാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുടെ വിവരം ലഭിച്ചത്. മഞ്ഞുമലയിൽ‍നിന്നു മൃതദേഹത്തിന്റെ അവശിഷ്ടം കിട്ടിയ വിവരം ഇന്നലെ ആറന്മുള പൊലീസാണ് വീട്ടിൽ എത്തി സഹോദരൻ തോമസ് തോമസിനെ അറിയിച്ചത്. പിന്നീട് കരസേന ആസ്ഥാനത്തുനിന്നും സന്ദേശം എത്തി. ‘‘ തിരികെ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അപകടം സ്ഥിരീകരിച്ചതോടെ പ്രതീക്ഷ ഇല്ലാതായി’’– ഇളയ സഹോദരൻ തോമസ് വർഗീസ് പറഞ്ഞു.

‘‘ സഹോദരൻ പട്ടാളത്തിൽ ചേരുമ്പോൾ എനിക്ക് 8 വയസ്സ്. മൂന്നു പ്രാവശ്യം നാട്ടിൽ വന്നുപോയി. വിമാനം കാണാതായെന്നാണ് ആദ്യം അറിയിപ്പ് വന്നത്. 2003ലാണ് വിമാനാപകടം സ്ഥിരീകരിച്ചത്. അച്ഛൻ മരിച്ചിട്ട് 35 കൊല്ലമായി. അമ്മ മരിച്ചിട്ട് 28 കൊല്ലമായി. അമ്മ എപ്പോഴും കരച്ചിലായിരുന്നു. ഇന്നലെ രാത്രി 7 മണിക്കാണ് ആറന്മുള പൊലീസ് വീട്ടിൽവന്നത്. മേൽവിലാസം ശേഖരിക്കാനും ആരൊക്കെ താമസിക്കുന്നു എന്നറിയാനുമാണ് വന്നത്. പൊലീസ് മേൽവിലാസം ശേഖരിച്ചു തിരികെപോയി. പൊലീസ് വന്നപ്പോഴാണ് ശരീരം കിട്ടിയ വിവരം അറിയുന്നത്. പിന്നീട് സൈന്യത്തിൽനിന്ന് അറിയിപ്പെത്തി ’’–തോമസ് വർഗീസ് പറയുന്നു.

‘‘ എന്നെ വടക്കേ ഇന്ത്യയിലെ ജോലി സ്ഥലത്തേക്ക് യാത്രയാക്കാൻ 1966ൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്നിരുന്നു. പിന്നീട് സഹോദരനെ കണ്ടിട്ടില്ല. പ്രീ യൂണിവേഴ്സിറ്റി കഴിഞ്ഞാണ് പട്ടാളത്തിൽ ചേർന്നത്. കാണാതായ സഹോദരനെ തിരയുന്നുണ്ടെന്ന് സൈന്യം ഇടയ്ക്കിടെ അറിയിച്ചിരുന്നു. എനിക്ക് 18 വയസുള്ളപ്പോഴാണ് ചേട്ടൻ സൈന്യത്തിൽ ചേർന്നത്. സഹോരന്റെ ഫോട്ടോ ഇല്ല. കുടുംബവീട് പൊളിച്ചു പണിയുന്ന സമയത്ത് നഷ്ടമായി’’–സഹോദരൻ തോമസ് തോമസ് പറ‍ഞ്ഞു.

‘‘ സഹോദരൻ സൈന്യത്തിൽ‌ ചേരുമ്പോൾ എനിക്ക് 12 വയസ്സാണ്. വീട്ടിൽ വരുന്നതൊക്കെ ഓർമയുണ്ട്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, സഹോദരൻ സഞ്ചരിച്ച വിമാനം കാണാതായതായി പത്രത്തിൽ വാർത്ത വന്നെന്ന് അച്ഛൻ പറഞ്ഞത് ഓർമയുണ്ട്. അമ്മ പിന്നീട് കുറേ നാൾ കിടപ്പിലായിരുന്നു. വളരെ സങ്കടത്തിലായിരുന്നു’’–സഹോദരി മേരി പറയുന്നു.

102 സൈനികരും മറ്റു സാമഗ്രികളുമായി ചണ്ഡിഗഡിൽ നിന്നു ലേയിലേക്കു പോയ എഎൻ–12 വിമാനം 1968 ഫെബ്രുവരി ഏഴിനാണു കുളു ജില്ലയിലെ റോത്തങ് പാസിൽ മഞ്ഞുമലയിൽ കാണാതായത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുത്തിട്ടുള്ളു. തോമസ് ചെറിയാൻ, മൽഖാൻ സിങ്, ശിപായി നാരായൺ സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ കണ്ടെടുത്തത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പരേതനായ ഒ.എം.തോമസ്– ഏലിയാമ്മ ദമ്പതികളുടെ 5 മക്കളിൽ രണ്ടാമനായിരുന്ന തോമസ് ചെറിയാന് കാണാതാകുമ്പോൾ 22 വയസ്സായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *