USമായി സാമ്പത്തിക ബന്ധം നിലനിർത്തേണ്ടത് രാജ്യത്തിൻ്റെ ആവശ്യ0: ശശി തരൂർ

ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർജ്ജീവമാണെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പരാമർശത്തെ പിന്തുണയ്‌ക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയോട് പ്രതികരിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അങ്ങനെ പറയാൻ അദ്ദേഹത്തിന്‍റേതായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാമെന്നാണ് തരൂരിന്‍റെ പ്രതികരണം. ട്രംപിന്‍റെ പരാമര്‍ശം പിന്തുണച്ച് കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു രാഹല്‍ രംഗത്ത് എത്തിയത്. യുഎസ് പ്രസിഡന്‍റ് ഒരു വസ്തുത പറഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു.പ്രധാനമന്ത്രിയും ധനമന്ത്രിയും ഒഴികെ ബാക്കിയെല്ലാവർക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിർജ്ജീവമായത് അറിയാമെന്നും ട്രംപ് ഇതുപോലുള്ള പരാമർശം നടത്തിയത് സ്വാഗതാർഹമാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ, അദാനിയെ സംരക്ഷിക്കാനാണ് ഇന്ത്യ സമ്പത്ത് ഇല്ലാതാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം യുഎസുമായി സാമ്പത്തിക ബന്ധം നിലനിർത്തേണ്ടത് രാജ്യത്തിൻ്റെ ആവശ്യമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഏകദേശം 90,00 കോടിയുടെ കയറ്റുമതി ബന്ധം അമേരിക്കയുമായി ഇന്ത്യയ്‌ക്കുണ്ട്. അത് നഷ്‌ടപ്പെടുത്താനോ കുറയ്‌ക്കാനോ നമ്മൾക്ക് കഴിയില്ലെന്ന് തരൂർ പറഞ്ഞു.ഇന്ത്യയ്ക്ക് ന്യായമായ ഒരു കരാർ ലഭിക്കുന്നതിനായി നടത്തുന്ന ചർച്ചയെ നാം പിന്തുണയ്‌ക്കണമെന്നും അത് നടത്തുന്നവരെ അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഉത്‌പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി മറ്റു രാജ്യങ്ങളുമായി നമ്മൾ ചർച്ചകൾ നടത്തണം. യുഎസ് കാരണം നമ്മൾക്ക് നഷ്‌ടപ്പെട്ടേക്കാവുന്ന കുറവ് നികത്താൻ കഴിയും. അതേസമയം 25 ശതമാനം നികുതി ഇന്ത്യയ്‌ക്കുമേൽ ചുമത്തിയതായി സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. ഈ മാസം ആദ്യം മുതല്‍ക്ക് ഇതു പ്രാബല്യത്തിലുണ്ട്. കൂടാതെ, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്‌തതിന് പിഴ ഈടാക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.