സ്ത്രീകൾ യാത്ര പോകുമ്പോൾ ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം’; കാന്തപുരം

തിരുവനന്തപുരം: മണാലിയിലേക്ക് വിനോദയാത്രക്ക് പോയ നബീസുമ്മയ്ക്കെതിരായ ഇബ്രാഹിം സഖാഫിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ ന്യായീകരിച്ച്, സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ സഹോദരനോ കൂടെയുണ്ടാകുന്നത് ഉചിതം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം.ഏത് ഇബ്രാഹിം ഏത് നബീസുമ്മയെ കുറിച്ചാണ് പറഞ്ഞതെന്ന് അറിയില്ലെന്നും നഫീസുമ്മയുമായി ബന്ധപ്പെട്ട വിഷയം തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാന്തപുരം അബൂബക്കർ മുസ്‌ലിയാർ.
സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെയുണ്ടാകുന്നതാണ് പതിവ്. ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് ഉചിതം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനല്ലേ താൽപര്യപ്പെടുകയെന്നും കാന്തപുരം പറഞ്ഞു.
നിങ്ങളുടെ ഭാര്യയെ ഒറ്റയ്ക്ക് യാത്രചെയ്യാൻ വിടാറില്ലല്ലോ എന്ന മറുചോദ്യവും അദ്ദേഹം മാധ്യമ പ്രവർത്തകനോട് ചോദിക്കുന്നുണ്ട്. ഭാര്യ ഒറ്റയ്ക്ക് യാത്ര ചെയ്യാറുണ്ടെന്ന് മാധ്യമപ്രവർത്തകൻ മറുപടി പറഞ്ഞപ്പോൾ അത് ചിലയിടത്ത് മാത്രം നടക്കുന്ന കാര്യമെന്നായിരുന്നു കാന്തപുരം പറഞ്ഞത്. പൊതുവേ ആരും അങ്ങനെ വിടാറില്ലെന്നും അദ്ദേഹം പറഞ്ഞു’അദ്ദേഹം പറഞ്ഞതിന് ഞാൻ മറുപടി പറയുകയല്ല. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയുകയുമില്ല. പിന്നെ സ്ത്രീകള്‍ക്ക് യാത്ര പോകാൻ ഭര്‍ത്താവ് അല്ലെങ്കില്‍ മകന്‍ വേണമെന്ന് ഹജ്ജിന്റെ നിയമത്തില്‍ വരെയുണ്ടല്ലോ. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അവര്‍ക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷന്മാര്‍ കൂടെ വേണം ഭര്‍ത്താവ്, സഹോദരന്‍, പിതാവ് തുടങ്ങിയ ആളുകള്‍ ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാമില്‍ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂ’, കാന്തപുരം പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മകൾക്കൊപ്പം മണാലി കാണാൻ പോയത്.
തുടർന്നാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്- “25 വർഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞിൽ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം” എന്നായിരുന്നു പരാമർശം.
ഭര്‍ത്താവ് മരിച്ച സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്നായിരുന്നു മകള്‍ ജിഫ്‌നയുടെ ചോദ്യം. ഉസ്താദിന്റെ വാക്കുകള്‍ ഉമ്മയ്ക്ക് ഏറെ പ്രയാസമുണ്ടാക്കിയെന്നും മകള്‍ പറയുന്നു. എന്തോ വലിയ തെറ്റ് ചെയ്ത പോലെ ഉമ്മ കരയുകയാണെന്നും യാത്ര പോയതിന്റെ സന്തോഷം മുഴുവന്‍ പോയെന്നും മകള്‍ സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞു.