ചരിത്ര നേട്ടത്തിന് തയ്യാറെടുത്ത് ഐഎസ്ആർഒ

0

വരും കാലങ്ങളിൽ ശാസ്ത്രജ്ഞർ കൂടുതൽ സ്‌പേസ് ഡോക്കിങ് പരീക്ഷണങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ

ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിൽ നിന്ന് ജനുവരിയിൽ വിക്ഷേപിക്കാനിരിക്കുന്ന ജിഎസ്‌എൽവി റോക്കറ്റ് ഇവിടെ നിന്നുള്ള 100 -ാം വിക്ഷേപണമായിരിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. ഇന്നലെ (തിങ്കൾ) 99 -ാം വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

‘ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 99ാ -ാമത് വിക്ഷേപണമായ പിഎസ്എൽവി സി60 ദൗത്യം വിജയകരമായി പൂർത്തിയാക്കി. സ്പേസ് ഡോക്കിങ് പരീക്ഷണത്തിനുള്ള ഇരട്ട ഉപഗ്രഹങ്ങളെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ പിഎസ്എൽവിക്കായി. ജനുവരി ഏഴിനാണ് ഇരട്ട ഉപഗ്രഹങ്ങൾ ഒത്തുചേരുന്ന ഡോക്കിങ് നടക്കുകയെന്നും’ എസ് സോമനാഥ് പറഞ്ഞു.

രണ്ട് വ്യത്യസ്‌ത ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ഐഎസ്ആർഒയുടെ നിർണായക ദൗത്യമാണ് സ്‌പെഡെക്‌സ്. ഭൂമിയിൽ നിന്ന് 470 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുന്നത്. ശേഷം ഇവ തമ്മിലുള്ള അകലവും വെലോസിറ്റിയും ഘട്ടം ഘട്ടമായി കുറച്ച ശേഷമാണ് ഡോക്കിങ് നടക്കുക.

2025ൽ നിരവധി ദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ‘ജനുവരിയിൽ ജിഎസ്എൽവി എൻവിഎസ്- 02 എന്നീ വിക്ഷേപണ ദൗത്യം നമുക്ക് മുന്നിലുണ്ട്. 2023 മെയ് മാസത്തിൽ ജിഎസ്എൽവിയിൽ 2,232 കിലോഗ്രാം ഭാരമുള്ള എൻവിഎസ്- 01 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്‌ഫർ ഓർബിറ്റിൽ വിജയകരമായി വിക്ഷേപിച്ചിരുന്നു. അത്തരത്തിൽ എൻവിഎസ്– 02 വിജയകരമായി വിക്ഷേപിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും’ എസ് സോമനാഥ് അറിയിച്ചു.

പിഎസ്എൽവി-സി60 വിജയകരമായി വിക്ഷേപിക്കാൻ സാധിച്ചതിനാൽ വരും ദിവസങ്ങളിൽ ശാസ്ത്രജ്ഞർ കൂടുതൽ സ്‌പേസ് ഡോക്കിങ് പരീക്ഷണങ്ങൾ നടത്തുമെന്ന് സോമനാഥ് വ്യക്തമാക്കി. അതേസമയം, പിഎസ്എൽവി-സി60 റോക്കറ്റിൻ്റെ ഷെഡ്യൂൾ 9.58 മുതൽ ഡിസംബർ 30ന് രാത്രി 10 വരെ പുനഃക്രമീകരിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.

ഒരു ഭ്രമണപഥത്തിലേക്ക് പോകുന്ന ഉപഗ്രഹം അതേ ഭ്രമണപഥത്തിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു ഉപഗ്രഹത്തോട് വളരെ അടുത്ത് വരുന്നുണ്ടോ എന്ന് പരിശോധിക്കാൻ ശാസ്ത്രജ്ഞർ ഒരു സംയോജന പഠനം നടത്തും. ഉപഗ്രഹങ്ങൾക്കിടയിൽ ഏതെങ്കിലും സാമീപ്യമുണ്ടെന്ന് കണ്ടെത്തിയാൽ, ഞങ്ങൾ നിലവിലെ ഉപഗ്രഹം അൽപ്പം മാറ്റണം. ഒന്നുകിൽ തങ്ങൾ വിക്ഷേപണം വൈകിപ്പിക്കുകയോ അല്ലെങ്കിൽ നേരത്തെയാക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ദൗത്യം വിജയകരമായാൽ ബഹിരാകാശ ഡോക്കിങ്ങിനുള്ള സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ചാന്ദ്ര പര്യവേഷണങ്ങളും ഭാരതീയ അന്തരീക്ഷ സ്‌റ്റേഷനും ഉൾപ്പെടെയുള്ള ഭാവി ദൗത്യങ്ങൾക്കായുള്ള നിർണായക ചുവടുവയ്പ്പാണ് ഇന്ത്യയുടെ സ്‌പെഡ്‌ക്‌സ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *