ചരിത്ര ദൗത്യവുമായി ഐഎസ്ആര്‍ഒ : ‘നിസാര്‍ ‘ബഹിരാകാശത്തിൽ

ന്യൂഡല്‍ഹി: ബഹിരാകാശ-കാലാവസ്ഥ പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്ന നിസാര്‍ ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് നിസാര്‍ ഉപഗ്രഹവുമായി ജിഎസ്എല്‍വി കുതിച്ചുയര്‍ന്നു. ഭൂമിയെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും സൂക്ഷ്മമായ വിവരങ്ങള്‍ ഒപ്പിയെടുത്ത് അയക്കാന്‍ ശേഷിയുള്ളതാണ് ഉപഗ്രഹത്തിലെ റഡാര്‍.ഇന്ത്യയുടെ ഐഎസ്ആര്‍ഒയും അമേരിക്കയുടെ നാസയും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 150 കോടി ഡോളര്‍ ചെലവിട്ടുള്ള ദൗത്യമാണിത്. കാലാവസ്ഥാ നിരീക്ഷണം ഇനി എളുപ്പമാകുമെന്ന് പ്രതീക്ഷിക്കാം. ദുരന്ത നിവാരണ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്ക് സഹായിക്കുന്ന വിവരങ്ങള്‍ നിസാര്‍ ശേഖരിക്കും. ഇന്ത്യയ്ക്കും അമേരിക്കക്കും മാത്രമല്ല, ലോകത്തിന് മൊത്തം ഉപകാരപ്പെടുന്ന ദൗത്യമാണിത്.നാസ-ഇസ്രോ സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് നിസാര്‍. 2393 കിലോ ഭാരമുള്ള ഉപഗ്രഹവുമായി ജിഎസ്എല്‍വി പേടകം വൈകീട്ട് 5.40നാണ് പുറപ്പെട്ടത്. ഭ്രമണപഥത്തിലെത്തിയെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഡ്വല്‍ ഫ്രീക്വന്‍സി സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍ ഘടിപ്പിച്ച് ഭൂമിയെ നിരീക്ഷിക്കാന്‍ ഒരുങ്ങുന്ന ലോകത്തെ ആദ്യ ഉപഗ്രഹമാണ് നിസാര്‍.നാസയുടെ എല്‍ ബാന്‍ഡ് റഡാറും ഐഎസ്ആര്‍ഒയുടെ എസ് ബാന്‍ഡ് റഡാറും നിസാര്‍ ഉപഗ്രഹത്തിലുണ്ട്. ഭൂമിയുടെ ഉപരിതലത്തിലെ നീക്കങ്ങള്‍ ഏത് തടസമുണ്ടെങ്കിലും റഡാര്‍ ഒപ്പിയെടുക്കും. ഇടതൂര്‍ന്ന വനമാണെങ്കിലും മേഘങ്ങളുണ്ടെങ്കിലും ഇരുട്ടാണെങ്കിലും കൃത്യമായ വിവരം ശേഖരിക്കാന്‍ റഡാറിന് തടസമുണ്ടാകില്ല. വളരെ വിദൂരതയിലുള്ള ചെറിയ വസ്തുക്കള്‍ പോലും കണ്ടെത്താനും വ്യക്തതയോടെ ചിത്രീകരിക്കാനും സാധിക്കും.ഓരോ 97 മിനുട്ടിലും ഭൂമിയെ വലയം ചെയ്ത് എല്ലാ ഭാഗങ്ങളും കൃത്യമായി ചിത്രീകരിച്ച് ഭൂമിയിലേക്ക് അയക്കുകയാണ് നിസാര്‍ ചെയ്യുക. ദിവസങ്ങള്‍ക്കകം ഇവ എല്ലാവര്‍ക്കും ലഭ്യമാകും. കാലാവസ്ഥാ മാറ്റങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായി നേരത്തെ അറിയാന്‍ ഇതുവഴി സാധിക്കും. ഗവേഷകര്‍ക്കും ദുരന്ത നിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ വിവരങ്ങള്‍ വലിയ ഗുണം ചെയ്യും. ഹിമാലയന്‍ മഞ്ഞുപാളികളുടെ നീക്കങ്ങള്‍ നേരത്തെ അറിയാന്‍ സാധിക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും. ഭൂചലനത്തിന് മുമ്പ് ഫാള്‍ട്ട് ലൈന്‍ ഷിഫ്റ്റുകള്‍ കണ്ടെത്താം. കാര്‍ഷിക മേഖലയ്ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കാലാവസ്ഥ മനസിലാക്കാം. ജലവിഭവങ്ങള്‍ ഗുണപരമായ രീതിയില്‍ കൈകാര്യം ചെയ്യാനും സാധിക്കുമെന്നതും നേട്ടമാണ്. പ്രളയം, വരള്‍ച്ച, മണ്ണിടിച്ചില്‍ എന്നിവ മുന്‍കൂട്ടി അറിയുന്നതിനും നിസാര്‍ ദൗത്യം സഹായിക്കും. ഇതോടെ വളരെ വേഗത്തില്‍ ദുരന്ത നിവാരണത്തിന് സാധിക്കും. നഷ്ടങ്ങള്‍ കുറയ്ക്കാനും പറ്റും. ഓരോ 12 ദിവസത്തിനിടയിലും ചിത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും. ദൗത്യത്തിന് അഞ്ച് വര്‍ഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിലൊന്നാണ് നിസാര്‍.