ഐഎസ്ആർഒയുടെ ചന്ദ്രയാൻ 4 ദൗത്യത്തിന് ഇരട്ട വിക്ഷേപണം
ഐഎസ്ആർഒ ചന്ദ്രനിൽ നിന്ന് സാമ്പിൾ ശേഖരിക്കുക എന്ന ലക്ഷ്യവുമായി ആസൂത്രണം ചെയ്യുന്ന ചന്ദ്രയാൻ നാല് ദൗത്യത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്.
മുൻപത്തെ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇരട്ട വിക്ഷേപണമാണ് ചന്ദ്രയാൻ നാല് ദൗത്യത്തിൽ നടക്കുക എന്ന് പറഞ്ഞ അദ്ദേഹം രണ്ട് ഭാഗങ്ങളായാണ് പേടകം വിക്ഷേപിക്കുക എന്നും ബഹിരാകാശത്തു വെച്ച് ഈ ഭാഗങ്ങൾ തമ്മിൽ യോജിപ്പിക്കുകയും ചന്ദ്രനിലേക്ക് യാത്ര തുടരുകയും ചെയ്യും എന്നും പറഞ്ഞു. ഡൽഹിയിൽ വച്ച് നടന്ന ഒരു പരിപാടിയിലാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ചന്ദ്രയാൻ നാല് ദൗത്യത്തിൽ നിലവിൽ ഐഎസ്ആർഒ ഉപയോഗിക്കുന്ന ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകൾക്ക് വഹിക്കാനാവുന്നതിനേക്കാൾ കൂടുതൽ ഭാരം ഉണ്ടാകും എന്നതിനാലാണ് ഇരട്ടവിക്ഷേപണം എന്ന ആശയത്തിൽ ഐഎസ്ആർഒ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു. മുമ്പ് പല ദൗത്യങ്ങളിലും ബഹിരാകാശത്ത് വെച്ച് വ്യത്യസ്ത പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രക്രിയ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ അടക്കം നടന്നിട്ടുണ്ട് എന്ന് പറഞ്ഞ അദ്ദേഹം രണ്ട് തവണയായി ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ വിക്ഷേപിക്കുന്നതും ബഹിരാകാശത്തു വച്ച് സംയോജിപ്പിക്കുന്നതും ഇത് ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി വികസിപ്പിക്കുന്ന ഡോക്കിംഗ് സാങ്കേതികവിദ്യയുടെ പരീക്ഷണം ഈ വർഷം അവസാനത്തോടെ ‘സ്പെഡെക്സ്’ എന്ന പേരിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഭൂമിയിലേക്ക് ചന്ദ്രനിൽ നിന്ന് പേടകങ്ങൾ തിരിച്ചു വരുന്ന സമയത്ത് ഭാരം ക്രമീകരിക്കുന്നതിനും മറ്റും ഉപകാരപ്രദമാകുന്ന തരത്തിൽ മോഡ്യൂളുകൾ തമ്മിൽ ഡോക്ക് ചെയ്യാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഒരു ചാന്ദ്രദൗത്യ വിക്ഷേപണ വാഹനത്തിന്റെ മോഡ്യൂളുകൾ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽ വച്ച് സംയോജിപ്പിക്കുന്നത് ഇത് ആദ്യമായാണ്