ഹുദൈദ തുറമുഖത്തിൽ ഇസ്രയേൽ ആക്രമണം; 3 മരണം

0

ജറുസലം : ഇസ്രയേൽ വിമാനങ്ങൾ ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിൽ ആക്രണം നടത്തി. മൂന്നുപേർ കൊല്ലപ്പെട്ടു. ടെൽഅവീവിൽ ആക്രമണം നടത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം. ‘‘ഇസ്രയേലി പൗരൻമാരുടെ രക്തത്തിനു വില നൽകേണ്ടി വരുമെന്ന്’’–ഇസ്രയേൽ പ്രതിരോധ മന്ത്രി യൊയാവ് ഗാലന്റ് പറഞ്ഞു. ആക്രമണത്തിനു മുതിർന്നാൽ കൂടുതൽ ഓപ്പറേഷനുകൾ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പിന്തുണയ്ക്കുന്ന മറ്റ് ഗ്രൂപ്പുകൾക്കു കൂടിയുള്ള മുന്നറിയിപ്പാണ് ആക്രമണമെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. 87 പേർക്ക് ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റു. ‘‘ഞങ്ങൾക്കെതിരെ നീങ്ങുന്നവർക്ക് വലിയ വില കൊടുക്കേണ്ടിവരും’’– പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. എഫ് 15 വിമാനങ്ങളാണ് ആക്രണണം നടത്തിയത്.

എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങിയെത്തിയതായി ഇസ്രയേൽ പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 37 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയുടെ പടിഞ്ഞാറൻ മേഖലയിൽ ഹമാസും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ തുടരുന്നുവെന്നാണു റിപ്പോർട്ട്. ശനിയാഴ്ചത്തെ ബോംബാക്രമണത്തിൽ മധ്യഗാസയിൽ ഒട്ടേറെ വീടുകൾ തകർന്നു. ജബാലിയയിൽ വീടിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ മാധ്യമപ്രവർത്തകനായ മുഹമ്മദ് അബു ജസീറും ഭാര്യയും 2 കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ അൽ ജലാ സ്ട്രീറ്റിൽ ജനക്കൂട്ടത്തിൽ ബോംബിട്ടതിനെത്തുടർന്ന് ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *