ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍: ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍

0

ദോഹ (ഖത്തര്‍) : ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ജനുവരി 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു പ്രതീക്ഷിക്കുന്നു
ഖത്തര്‍, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്‌താവനയിലാണ് വെടിനിര്‍ത്തുന്നതും ബന്ധികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ സ്ഥിരീകരിച്ചത്. ബന്ധികളെ മോചിപ്പിക്കുന്നതിനൊപ്പം ജനവാസ മേഖലകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുക, സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയും കരാറില്‍ ഉറപ്പു നല്‍കുന്നുണ്ട്.
ഇരു കക്ഷികളും ഒപ്പുവച്ച കരാറിൽ മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നു. 42 ദിവസം നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ വെടിനിർത്തൽ, ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സേനയെ പിൻവലിക്കുക, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കുകയും കൈമാറുകയും ചെയ്യുക, മരിച്ചവരുടെ ഭൗതികാവശിഷ്‌ടങ്ങൾ കൈമാറുക, ഗാസ മുനമ്പിലെ അവരുടെ താമസസ്ഥലങ്ങളിലേക്ക് ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരെ തിരികെ കൊണ്ടുവരിക, രോഗികളെയും പരിക്കേറ്റവരെയും ചികിത്സയ്ക്കായി കൊണ്ടുപോകാൻ സൗകര്യമൊരുക്കുക എന്നിവ ഉൾപ്പെടുന്നു’ -സംയുക്ത പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ഗാസ മുനമ്പിലുടനീളം വലിയ തോതിൽ മാനുഷിക സഹായങ്ങള്‍ എത്തിക്കുക, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഭക്ഷണ ശാലകള്‍ എന്നിവ പുനസ്ഥാപിക്കുക, പ്രതിരോധ സാമഗ്രികളും ഇന്ധനവും കൊണ്ടുവരിക, യുദ്ധം മൂലം വീട് നഷ്‌ടപ്പെട്ട് കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകുന്നതിനുള്ള സാധനങ്ങൾ എത്തിക്കുക എന്നിവയും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നു.

‘ഈ കരാറിന്‍റെ മധ്യസ്ഥര്‍ എന്ന നിലയില്‍ ഖത്തർ, ഈജിപ്‌ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ കരാര്‍ പൂര്‍ണമായും നടപ്പിലാകുന്നുവെന്ന് ഉറപ്പാക്കും. കരാറിലെ തങ്ങളുടെ കടമകൾ കക്ഷികൾ നിറവേറ്റുന്നുണ്ടെന്നും മൂന്ന് ഘട്ടങ്ങളും പൂർണമായും നടപ്പാക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ മധ്യസ്ഥർ ഒരുമിച്ച് പ്രവർത്തിക്കും’ -പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *