വാക്ക് പാലിക്കാതെ ഇസ്രായേൽ : ഗാസയിൽ വീണ്ടും കൂട്ടക്കൊല.

ഗാസ: വിശപ്പടക്കാനാവാതെ മരിച്ചുവീഴുന്ന കുട്ടികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായം എത്തിക്കാനായി ആക്രമണം താൽകാലികമായി നിർത്തിവയ്ക്കുമെന്ന വാഗ്ദാനം ലംഘിച്ച് ഇസ്രായേൽ. സൈനിക നീക്കം ദിവസവും പത്ത് മണിക്കൂർ ലഘൂകരിക്കുമെന്ന് പ്രസ്താവനയിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്. ഇന്ന് ഗാസ മുനമ്പിൽ നടന്നആക്രമണത്തിൽ കുട്ടികളടക്കം 34 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
സഹായ വിതരണം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ദിവസവും 10 മണിക്കൂർ സൈനിക നടപടികൾക്ക് താൽക്കാലിക വിരാമം പ്രഖ്യാപിച്ചതായി ഇസ്രായേൽ ഞായറാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഈ നടപടികൾക്കൊപ്പം സൈനിക പ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. രാവിലെ 10 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള പ്രഖ്യാപിത സമയപരിധിക്ക് പുറത്താണ് ഏറ്റവും പുതിയ ആക്രമണങ്ങൾ നടന്നത്. ഈ ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെടി നിർത്തൽ നടപടികളെ സഹായ ഏജൻസികൾ സ്വാഗതം ചെയ്തെങ്കിലും ഇത് അപര്യാപ്തമാണെന്ന് അവർ പറയുന്നു. പോഷകാഹാരക്കുറവ് മൂലം എല്ലും തോലുമായ കുട്ടികളുടെ ചിത്രങ്ങൾ ആഗോളതലത്തിൽ വലിയ രോഷം ഉയർത്തിയിട്ടുണ്ട്. ഗാസയിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോൾ സഹായത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഭക്ഷണം ലഭിക്കുന്നത് കൂടുതൽ അപകടകരമായി മാറിയിരിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പിൽ പോഷകാഹാരക്കുറവ് മൂലം 14 പലസ്തീനികൾ മരിച്ചതായി തിങ്കളാഴ്ച പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇതോടെ 2023 ഒക്ടോബർ 7-ന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിൽ പോഷകാഹാരക്കുറവ് മൂലം മരിച്ച കുട്ടികളുടെ എണ്ണം 88 ആയി.