തീവ്രവാദ സംഘടനകളുടെ സഖ്യമുണ്ടാക്കാന്‍ ഐഎസ്ഐ: NIAയുടെ അന്യേഷണ റിപ്പോർട്ട്

0

ന്യൂഡൽഹി: പഞ്ചാബ് ചണ്ഡീഗഡ്, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്താൻ പ്രാദേശികരായ യുവാക്കളെ റിക്രൂട്ട്‌മെൻ്റ് ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസിയുടെ (എന്‍ഐഎ) കണ്ടെത്തല്‍. ഖാലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസയാണ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നതെന്നാണ് എന്‍ഐഎ അന്വേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്.

ഖാലിസ്ഥാനി തീവ്രവാദികളും ജമ്മു കശ്‌മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദികളും ചില മൗലികവാദ ഗ്രൂപ്പുകളും തമ്മിൽ സഖ്യമുണ്ടാക്കാൻ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐ ശ്രമിക്കുന്നു. ആർസി-15/2024/എൻഐഎ/ഡിഎൽഐ (RC-15/2024/NIA/DLI) എന്ന കേസിൽ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് ബബ്ബർ ഖൽസ ഇൻ്റർനാഷണലിന്‍റെ (ബികെഐ) പ്രവർത്തന രീതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

2024 സെപ്‌തംബറിൽ ചണ്ഡീഗഡിൽ പഞ്ചാബ് പൊലീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടതാണ് കേസ്. പ്രാദേശികരായ രോഹൻ മാസിഹ്, വിശാൽ മാസിഹ് എന്നിവരെ ഇതിനകം റിക്രൂട്ട് ചെയ്‌തതായും ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിലുണ്ട്.

ചണ്ഡീഗഡ് സംഭവം മഞ്ഞുമലയുടെ ഒരറ്റം മാത്രമായിരുന്നുവെന്ന് എൻഐഎ ഉദ്യോഗസ്ഥൻ പറയുന്നു. ബികെഐയുടെ പ്രവർത്തനങ്ങള്‍ സംബന്ധിച്ച് ഈ നാല് സംസ്ഥാനങ്ങളിലെ വിവരങ്ങളാണ് നിലവിൽ ഏജൻസിയ്‌ക്ക് ലഭ്യമായിട്ടുള്ളത്.

1978ൽ നടന്ന ബൈസാഖി-അഖന്ദ് കീർത്താനി ജാതയും നിരങ്കരികളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് ബികെഐ രൂപീകൃതമായത്. കൃത്യമായി പറഞ്ഞാൽ 1980 ഏപ്രിൽ 24ന് നിരങ്കരി തലവൻ ഗുർബച്ചൻ സിങ്ങിൻ്റെ കൊലപാതകത്തിന് ശേഷം ബീബി അമർജിത് കൗറിൻ്റെ ചില അനുയായികൾ ബബ്ബർ ഖൽസയ്‌ക്ക് രൂപം നൽകുകയായിരുന്നു.

സുഖ്ദേവ് സിങ് ബബ്ബറും തൽവീന്ദർ സിങ് പർമറും സംഘടനയുടെ സ്ഥാപക അംഗങ്ങളായിരുന്നു. തൽവീന്ദർ സിങ് പർമറിൻ്റെ നേതൃത്വത്തിൽ 1981ൽ കാനഡയിലാണ് ബികെഐയുടെ ആദ്യ യൂണിറ്റ് സ്ഥാപിതമായത്. നിലവിൽ യുഎസ്എ, കാനഡ, യുണൈറ്റഡ് കിങ്‌ഡം, ജർമ്മനി, ഫ്രാൻസ്, ബെൽജിയം, നോർവേ, സ്വിറ്റ്സർലൻഡ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഈ സംഘടന സജീവമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *