ഇസ്രയേൽ ലക്ഷ്യമാക്കി നൂറോളം ഡ്രോണുകൾ തൊടുത്ത് ഇറാൻ

ടെൽ അവീവ്: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുമായി ഇറാൻ ഡ്രോണ്‍ ആക്രമണം തുടങ്ങിയെന്ന് റിപ്പോർട്ട് . നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന നേരത്തേ പുറത്തുവന്നിരുന്നു. ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് നേതാവ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിലുണ്ട് .
മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങിയത് – “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു.