6.5 ലക്ഷം രൂപയുടെ ഐപിഎൽ ജേഴ്സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിലുള്ള ബിസിസിഐ ഓഫീസിൽ നിന്ന് 6.5 ലക്ഷം രൂപ വിലമതിക്കുന്ന ഐപിഎൽ ജേഴ്സികൾ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റില്‍.
261 ജേഴ്സികളാണ് ജീവനക്കാരനായ ഫാറൂഖ് അസ്ലം ഖാൻ മോഷ്ടിച്ചത്. ഓരോന്നിനും ഏകദേശം 2500 രൂപ വിലവരും. ഓൺലൈൻ ചൂതാട്ടത്തിന് പണം കണ്ടെത്തുന്നതിനായാണ് ഇയാള്‍ അവ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. ജേഴ്സികൾ വ്യത്യസ്ത ടീമുകളുടേതാണെങ്കിലും, കളിക്കാർക്കുള്ളതാണോ അതോ പൊതുജനങ്ങൾക്കുള്ളതാണോ എന്ന് വ്യക്തമല്ല.മോഷ്ടിച്ച ജേഴ്സികള്‍ ഫാറൂഖ് അസ്ലം ഹരിയാനയിൽ നിന്നുള്ള ഒരു ഓൺലൈൻ ഡീലർക്ക് വിറ്റു. സമൂഹമാധ്യമം വഴിയാണ് ഡീലറുമായി ഫാറൂഖ് ബന്ധപ്പെട്ടിരുന്നത്. ജൂൺ 13 ന് ആണ് ജേഴ്സികൾ മോഷണം പോയെങ്കിലും, ഓഡിറ്റിങ്ങിൽ സ്റ്റോർ റൂമിൽ നിന്ന് സ്റ്റോക്ക് നഷ്ടപ്പെട്ടതായി കണ്ടെത്തിയപ്പോഴാണ് മോഷണം വിവരം പുറത്തുവന്നത്. തുടർന്ന് ബിസിസിഐ ഉദ്യോഗസ്ഥർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജീവനക്കാരൻ ജേഴ്സികൾ ഒരു പെട്ടിയിലാക്കി പോകുന്നത് കണ്ടെത്തിയത്.
ഡൽഹി ക്യാപിറ്റൽസ് (ഡിസി), മുംബൈ ഇന്ത്യൻസ് (എംഐ), ലഖ്നൗ സൂപ്പർ ജയന്റ്സ് (എൽഎസ്ജി), സൺറൈസേഴ്സ് ഹൈദരാബാദ് (എസ്ആർഎച്ച്), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ), പഞ്ചാബ് കിംഗ്സ് (പിബികെഎസ്), ഗുജറാത്ത് ടൈറ്റൻസ് (ജിടി), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി), രാജസ്ഥാൻ റോയൽസ് (ആർആർ), ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) എന്നിവയുൾപ്പെടെ വിവിധ ഐപിഎൽ ടീമുകളിലെ കളിക്കാരുടെ ജേഴ്സികളാണ് മോഷ്ടിക്കപ്പെട്ടത്.”ഓൺലൈൻ ഡീലറുമായി ഇയാള്‍ വിലപേശിയതായും എന്നാല്‍ ഇടപാടിന് എത്ര തുക ലഭിച്ചുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഓൺലൈൻ ഡീലർക്ക് ജേഴ്സികൾ കൊറിയർ വഴി അയച്ചുനല്‍കുകയായിരുന്നു. അതേസമയം ജേഴ്സികൾ മോഷ്ടിക്കപ്പെട്ട കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഡീലർ പറഞ്ഞു. ഓഫീസിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പനയുടെ ഭാഗമാണ് ജേഴ്സി എന്നാണ് ജീവനക്കാരൻ ഡീലറോട് പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
മോഷ്ടിക്കപ്പെട്ട 261 ജേഴ്സികളിൽ 50 എണ്ണം കണ്ടെടുത്തു. ഓൺലൈൻ ഡീലറിൽ നിന്ന് പണം നേരിട്ട് തന്റെ ബാക്ക് അക്കൗണ്ടിലേക്ക് എത്തിയതായി ജീവനക്കാരന് പറഞ്ഞു. കൂടാതെ ഓൺലൈൻ ചൂതാട്ടത്തിൽ തന്റെ മുഴുവൻ പണവും നഷ്ടപ്പെട്ടതായും ഇയാള്‍ പറഞ്ഞു. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
മോഷണം സംബന്ധിച്ച് മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനിൽ ബിസിസിഐ ഔദ്യോഗികമായി പരാതി നൽകി.