IPLക്ലാസിക് പോരാട്ടം ഇന്ന് : ചെന്നൈ vs മുംബൈ; ധോണിയും രോഹിതും നേര്‍ക്കുനേര്‍

ചെന്നൈ: ഐപിഎൽ ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ താരങ്ങളും ടീമുകളും പരസ്‌പരം ഏറ്റുമുട്ടും. ചെന്നൈയില്‍ നടക്കുന്ന ‘ക്ലാസിക്കോ’ പോരാട്ടത്തില്‍ 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും കളത്തിലിറങ്ങും. രാത്രി 7.30 മുതലാണ് മത്സരം.
ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്പ്രീത് ബുംറയും സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയുമില്ലാതെയാണ് മുംബൈ ഇത്തവണ ഐപിഎല്ലിന് തുടക്കം കുറിക്കുന്നത്. രവിചന്ദ്രൻ അശ്വിൻ, നൂർ അഹമ്മദ്, ദീപക് ഹൂഡ എന്നിവരെ ഉൾപ്പെടുത്തിയതോടെ സിഎസ്‌കെ സ്പിൻ ആക്രമണം ശക്തിപ്പെടുത്തി. ഇതിഹാസ താരം രവീന്ദ്ര ജഡേജയും വർഷങ്ങളായി ടീമിന്‍റെ അവിഭാജ്യ ഘടകമാണ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിലെ സ്ലോ ഓവർ നിരക്കിന്‍റെ പേരിൽ ഒരു മത്സര വിലക്ക് നേരിടുന്ന പാണ്ഡ്യയ്ക്കു പകരം സൂര്യകുമാർ യാദവാണ് ഇന്നു മുംബൈയെ നയിക്കുക.വിക്കറ്റ് കീപ്പർ എം.എസ് ധോണിയാണ് ഇന്നത്തെ മത്സരത്തിലെ ആവേശനായകന്‍. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം രച്ചിൻ രവീന്ദ്രയോ ഡെവൺ കോൺവേയോ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സിഎസ്‌കെക്ക് ഓപ്പണിംഗ് സ്ലോട്ടിൽ നല്ലൊരു തലവേദനയായിരിക്കും. മധ്യനിരയിൽ രാഹുൽ ത്രിപാഠിയും ശിവം ദുബെയും ഉൾപ്പെടുന്നു. എന്നാല്‍ വിക്കറ്റ് കീപ്പർ ബാറ്റര്‍ റയാൻ റിക്കിൾട്ടണിനെയും മുഖ്യതാരങ്ങളായ സൂര്യകുമാറിനേയും തിലക് വർമ്മയെയും ആശ്രയിച്ചായിരിക്കും മുംബൈയുടെ ബാറ്റിങ്.