ഐപിഎൽ കളിക്കാമെന്നു ധോണി ഇതുവരെ സമ്മതിച്ചിട്ടില്ല: ഇനിയും സമയം വേണമെന്ന് ചെന്നൈ സിഇഒ
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ കളിക്കാൻ എം.എസ്. ധോണി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. കളിക്കുമോ ഇല്ലയോ എന്ന കാര്യം ഒക്ടോബർ 31ന് മുൻപ് അറിയിക്കാമെന്നാണു ധോണി വ്യക്തമാക്കിയിരിക്കുന്നതെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു. ഒക്ടോബർ 31 വരെയാണ് നിലനിർത്തുന്ന താരങ്ങളെക്കുറിച്ചു തീരുമാനിക്കാൻ ടീമുകൾക്കു സമയം അനുവദിച്ചിരിക്കുന്നത്.ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ സ്ഥാനം ഋതുരാജ് ഗെയ്ക്‌വാദിനു നൽകിയ ശേഷം, വിക്കറ്റ് കീപ്പർ ബാറ്ററായാണ് ധോണി കഴിഞ്ഞ സീസണിൽ കളിച്ചത്. ഒരു ടീമിന് പരമാവധി ആറു താരങ്ങളെ വരെ നിലനിർത്താനാണ് ബിസിസിഐ അനുമതി നൽകിയിരിക്കുന്നത്. അൺകാപ്ഡ് താരമായി നാലു കോടി രൂപ മാത്രം നൽകി ചെന്നൈയ്ക്ക് ധോണിയെ നിലനിര്‍ത്താൻ സാധിക്കും.വർഷങ്ങളായി ഐപിഎല്ലിൽ ഉപയോഗിക്കാതിരുന്ന ‘അൺകാപ്‍ഡ്’ നിയമം തിരികെക്കൊണ്ടുവന്നത് ധോണിക്കു വേണ്ടിയാണെന്നു നേരത്തേ വിമര്‍ശനമുയർന്നിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ അഞ്ചു വർഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ ടീമുകളെ അനുവദിക്കുന്നതാണ് ‘അൺകാപ്ഡ്’ നിയമം. കഴിഞ്ഞ വർഷത്തെ ഐപിഎല്ലിനു ശേഷം റാഞ്ചിയിലെ ഫാം ഹൗസിൽ കുടുംബത്തോടൊപ്പമാണു ധോണി കഴിയുന്നത്. നെറ്റ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ മുടങ്ങാതെ പരിശീലനം നടത്തുന്നുണ്ട്.