ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വില കുറഞ്ഞേക്കും
ചെന്നൈ : ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകളെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ വില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഐഫോണ്‍ 16 സിരീസ് മോഡലുകള്‍ക്ക് വില കുറഞ്ഞേക്കും എന്ന സൂചനയും ഇതിനൊപ്പം വന്നിട്ടുണ്ട്. ഐഫോണ്‍ 16 സിരീസിന് ഇന്ത്യയില്‍ വിലക്കുറവ് പ്രകടമായേക്കും എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് കാരണങ്ങളാണ് ഇതിന് വാര്‍ത്തയില്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐഫോണ്‍ 16 പ്രോ സിരീസുകളുടെ നിര്‍മാണം തമിഴ്നാട്ടിലെ ഫാക്ടറിയില്‍ തുടങ്ങാന്‍ പോകുന്ന എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബേസ് മോഡലുകള്‍ക്ക് പുറമെ പ്രോ മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കുന്നത് ഐഫോണ്‍ 16 മോഡലുകളുടെ വിലക്കുറവിന് കാരണമായേക്കും എന്നതാണ് ഒരു കാരണം.
ആഗോള ലോഞ്ചിന് പിന്നാലെ ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയുടെ നിര്‍മാണം തമിഴ്‌നാട്ടിലെ പ്ലാന്‍റില്‍ തുടങ്ങും. രണ്ടാമത്തെ കാരണം ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ടതാണ്. ഇക്കഴിഞ്ഞ ബജറ്റില്‍ മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ 22 ശതമാനത്തില്‍ നിന്ന് 17 ആയി കുറച്ചിരുന്നു. ഇതോടെ ഇതിനകം നിലവിലെ ഐഫോണ്‍ മോഡലുകള്‍ക്ക് 5,900 രൂപ വരെ വിലക്കുറവ് സംഭവിച്ചിട്ടുണ്ട്. സമാനമായി ഐഫോണ്‍ 16 സിരീസിന്‍റെ വിലയും കുറയാനാണ് വഴിയൊരുങ്ങുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഐഫോണ്‍ 16 സിരീസില്‍ വരുന്ന ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണുകള്‍. സെപ്റ്റംബര്‍ 10നാണ് ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ആപ്പിള്‍ 16 സിരീസ് അവതരണത്തിന് മുമ്പ് ഐഫോണ്‍ 16 പ്രോയുടെ ഡിസൈന്‍ ലീക്കായിട്ടുണ്ട്. കളറിലും രൂപകല്‍പനയിലും മാറ്റങ്ങളോടെയാവും ഐഫോണ്‍ 16 പ്രോ വരിക എന്നാണ് സൂചന.