കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ്‌;ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണം

0

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഉയർത്തിയ അതേ കാര്യങ്ങൾ ഡബ്ല്യുസിസിയും ഉയർത്തി. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്ന് വിഡി സതീശൻ പറഞ്ഞു. റിപ്പോർട്ട് നാലരവർഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സർക്കാർ ചെയ്തുവെന്നും വിഡി സതീശൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺക്ലവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. ഇരകളായ സ്ത്രീകളെ ചേർത്ത് പിടിക്കാൻ ആരെയും കണ്ടില്ലല്ലോ. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. കേസെടുക്കാൻ പറ്റില്ലെന്ന ബെഹ്റയുടെ ഉപദേശം സർക്കാർ ആഗ്രഹിച്ചതാണ്. ബെഹ്‌റയല്ല, കേസെടുക്കാണോ വേണ്ടയോ എന്ന തീരുമാനം അറിയിക്കേണ്ടത്. ഇരകളുടെ അഭിമാനം സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും സതീശൻ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ്‌കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണം. രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നത്. സർക്കാർ നടത്തുമെന്നു പറയുന്ന കോൺക്ലേവ് തട്ടിപ്പാണ്. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തിയാൽ തടയുമെന്നും വിഡി സതീശൻ പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം തുടരുകയാണ് മലയാള സിനിമ താര സംഘടനയായ ‘അമ്മ’. എക്‌സിക്യൂട്ടീവ് യോ​ഗം ചേർന്ന് നിലപാട് വ്യക്തമാക്കാമെന്നാണ് സംഘടനയുടെ വിശദീകരണം. എക്സിക്യൂട്ടീവ് യോഗത്തിന്റ തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. റിപ്പോർട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറൽ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സർക്കാർ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. പൂർണ്ണമായ ഹേമ കമ്മിറ്റി റിപ്പോർട്ടും ആധാരമാക്കിയ തെളിവുകളും വിളിച്ചു വരുത്തണമെന്നും റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഡിജിപിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യങ്ങൾ. ഹർജി ഇന്ന് പരിഗണക്കുന്ന ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് വിഷയത്തിൽ നിർണായകമാകും.

നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്ടീവിൻറെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി. 49-ാം പേജിലെ 96-ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *