ഇടകലർന്ന വ്യായാമം അവിഹിത ബന്ധങ്ങളുണ്ടാകാൻ അവസരമാകുന്നു; Dr.ഹുസൈൻ മടവൂർ
മലപ്പുറം: പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ. കാന്തപുരം സംസാരിച്ചത് മത വിഷയമാണെന്ന് അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ അതിൽ അഭിപ്രായം പറയേണ്ട. സിപിഎം ഈ വിഷയത്തിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണെന്നും ഹുസൈൻ മടവൂർ കുറ്റപ്പെടുത്തി. അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും കാരണമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളിൽ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതിൽ അല്ല. വിഷയം ജുമുഅ കുത്തുബയിൽ അടക്കം മത വേദികളിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സുന്നി നേതാവിനെ പിന്തുണച്ച് മുജാഹിദ് വിഭാഗം രംഗത്ത് എത്തുന്നത്.