ഇസ്രയേൽ ആക്രമണം കടുപ്പിച്ച്: ഗാസയിൽ 17 മരണം
ജറുസലം ∙ തെക്കൻ ഗാസയിലെ റഫയിൽ ഈജിപ്ത് അതിർത്തിയോടു ചേർന്ന മേഖലയിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരവേ, ബോംബാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും ഗാസയിൽ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ നുസേറത്ത് അഭയാർഥി ക്യാംപിൽ ഷെല്ലാക്രമണത്തിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഗാസ സിറ്റിയിൽ ബോംബാക്രമണത്തിലാണ് ഒരു വീട്ടിലെ 6 പേർ കൊല്ലപ്പെട്ടത്.
അതിനിടെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ഖബാത്തിയ പട്ടണത്തിൽ ഇസ്രയേൽ സൈന്യം 7 പലസ്തീൻകാരെ വധിച്ചു. മൃതദേഹങ്ങൾ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു തള്ളിയിടുന്നതിന്റെ വിഡിയോ പുറത്തുവന്നു. പോർവിമാനങ്ങളുടെ അകമ്പടിയോടെ ഖബാത്തിയ പട്ടണം ഇസ്രയേൽ ടാങ്കുകൾ വളഞ്ഞിരിക്കുകയാണ്. കനത്ത വെടിവയ്പിനിടെ, 2 സ്കൂളിലും കിന്റർഗാർട്ടനിലും കുടുങ്ങിയ ആയിരത്തിലേറെ കുട്ടികളെ റെഡ് ക്രസന്റിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. പലായനം ചെയ്ത പലസ്തീൻകാർക്കായി ഗാസയുടെ തീരത്ത് ഒരുക്കിയ കൂടാരങ്ങൾ കടലാക്രമണഭീഷണി നേരിടുന്നതായി സന്നദ്ധസംഘടനകൾ റിപ്പോർട്ട് ചെയ്തു.
റഫയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഒട്ടേറെ വീടുകൾ സൈന്യം തകർത്തു. റഫയിൽ നൂറുകണക്കിനു ഹമാസുകാരെ വധിച്ചെന്നും ഡസൻകണക്കിനു തുരങ്കങ്ങളും ആയുധശേഖരവും നശിപ്പിച്ചെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.