എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്ത്. അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ പരാതി നല്‍കി. തനിക്കു കരിപ്പൂരിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത്ത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി വിജയന്‍ ഡിജിപി ദര്‍വേഷ് സാഹിബിന് മൂന്നാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
സാധാരണനിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോര്‍ഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. അജിത്കുമാറിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു അജിത്കുമാര്‍ മൊഴി നല്‍കിയത്. വിജയനും തീവ്രവാദ വിരുദ്ധ സേനയിലെ ചില അംഗങ്ങള്‍ക്കും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്പി സുജിത് ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാല്‍ ഇത്തരം ഒരു വിവരവും അജിത്കുമാറിനോട് പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിന്റെ മറുപടി.
ഐജിയായിരുന്നപ്പോള്‍ പി വിജയന്‍ സസ്‌പെന്‍ഷനിലേക്ക് പോകാന്‍ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോള്‍ എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്‍ നടപടി നേരിട്ടത്. ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എംആര്‍ അജിത്കുമാറിൻ്റെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പി വിജയനെ സര്‍വീസിലേക്ക് തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇന്റലിജന്‍സ് എഡിജിപിയായി പ്രമോഷന്‍ നല്‍കി.