“ഇൻമെക്ക് ലീഡർഷിപ്പ് സല്യൂട്ട്” പുരസ്‌കാരം ഡോ. പി.മുഹമ്മദ് അലി ഗൾഫാറിന്
കേരളത്തിന്റെ മികച്ച സംരംഭകർക്ക് ആദരം
“ഇൻമെക്ക് ലീഡർഷിപ്പ് സല്യൂട്ട്” പുരസ്ക്കാരത്തിന്, പ്രമുഖ സംരംഭകൻ
ഡോ. പി.മുഹമ്മദ് അലിഗൾഫാറിനെതിരഞ്ഞെടുത്തു.
പത്ത് വ്യവസായികളെ ‘ഇൻമെക്ക് എക്സലൻസ് സല്യൂട്ട്’ പുരസ്‌കാരം നൽകി ആദരിക്കും.
കൊച്ചി: കേരളത്തിന്റെ വ്യവസായ വളർച്ചക്ക് പുതിയ ദിശാബോധം നൽകുന്നതിനായി മികച്ച സംഭാവനകൾ നൽകിയ നമ്മുടെ നാട്ടിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (ഇൻമെക് ) ഏർപ്പെടുത്തിയ “സല്യൂട്ട് കേരള 2024” ബഹുമതികൾ പ്രഖ്യാപിച്ചു. കേരളത്തിലും മധ്യേഷ്യയിലും വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 2022-ൽ സ്ഥാപിതമായ സംഘടനയാണ് ഇൻമെക്ക്. കേരളത്തിന്റെ വ്യാവസായിക ഭൂമികയെ വളർച്ചയുടെ പാതയിലേക്ക് നയിച്ച വ്യവസായ പ്രമുഖരെ അവരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആദരിക്കുകയാണ് ലക്‌ഷ്യം. ആജീവനാന്ത സംഭാവനയ്ക്കുള്ള “ഇൻമെക്ക് ലീഡർഷിപ്പ് സല്യൂട്ട്” പുരസ്‌കാരത്തിന് പ്രമുഖ സംരംഭകൻ ഡോ. പി.മുഹമ്മദ് അലി ഗൾഫാറിനെ തിരഞ്ഞെടുത്തു. അദ്ദേഹം കേരളത്തിലെ വ്യവസായ വളർച്ചക്ക് നൽകിയ സംഭാവനകൾക്ക് അംഗീകാരമായാണ് പുരസ്‌കാരം.
കേരളത്തിന്റെ വ്യവസായിക ഭൂപടത്തെ രാജ്യാതിർത്തികൾക്ക് പുറത്തേക്ക് നയിക്കുന്നതിനും സംസ്ഥാനത്തെ ഒരു മികച്ച സംരംഭകത്വ സൗഹൃദമാക്കി വളർത്തുന്നതിനുമായ പരിശ്രമിച്ച പത്ത് വ്യവസായികളെ ‘ഇൻമെക്ക് എക്സലൻസ് സല്യൂട്ട്’ പുരസ്‌കാരം നൽകി ആദരിക്കും.
ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്
ഡോ. വിജു ജേക്കബ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്
ഗോകുലം ഗോപാലൻ, ഗോകുലം ഗ്രൂപ്പ്
വി കെ മാത്യൂസ്, ഐബിഎസ് സോഫ്റ്റ്‌വെയർ
ഡോ. കെ വി ടോളിൻ ടോളിൻസ് ടയേഴ്സ് ലിമിറ്റഡ്
കെ.മുരളീധരൻ, മുരള്യ, എസ് എഫ് സി ഗ്രൂപ്പ്
വി കെ റസാഖ്, വികെസി ഗ്രൂപ്പ്
ഷീല കൊച്ചൗസേപ്പ്, വി സ്റ്റാർ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
പി കെ മായൻ മുഹമ്മദ്, വെസ്റ്റേൺ പ്ലൈവുഡ്സ് ലിമിറ്റഡ്
ഡോ. എ വി അനൂപ്, എ വി എ മെഡിമിക്സ് ഗ്രൂപ്പ്
എന്നിവർക്കാണ് അംഗീകാരം നൽകുന്നത്. 2024 നവംബർ 26-ന് കൊച്ചിയിലെ ഹോട്ടൽ താജ് വിവാന്തയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കേരളത്തെ നിക്ഷേപസൗഹൃമാക്കി മാറ്റുന്നതിന് വേണ്ടി തയ്യാറാക്കിയ പുതിയ വ്യവസായിക നയം പ്രിൻസിപ്പൽ സെക്രട്ടറി ചടങ്ങിൽ അവതരിപ്പിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫിൽ നിന്നുമുള്ള വിശിഷ്ട അതിഥികളും സംരംഭകരും ചടങ്ങിന്റെ ഭാഗമായി പങ്കെടുക്കുമെന്ന് ഇൻമെക്ക് ഭാരവാഹികൾ അറിയിച്ചു.
ഇൻമെക്ക് ചെയർമാൻ ഡോ.എൻ.എം. ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ.സുരേഷ്കുമാർ മധുസൂദനൻ, ഇൻമെക്ക് കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ. അഡ്വ. ഉണ്ണികൃഷ്ണൻ, സെക്രട്ടറി യൂനുസ് അഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.