ഫൈനലിൽ ഇന്ത്യ
മുംബൈ: നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ വനിതകൾക്ക് മറ്റൊരു ചേസ് മാസ്റ്ററെ ലഭിക്കുകയായിരുന്നു ഇന്ന്…! ഓസീസിന് എതിരായ വനിതാ ലോകകപ്പ് സെമി ഫൈനിൽ തകർത്തടിച്ച ജെമീമാ റോഡ്രിഗ്രസിന്റെ ചിറകിലേറി ഇന്ത്യൻ വനിതകൾ ഫൈനലിലേയ്ക്കു കുതിച്ചു. ലോകകപ്പ് സെമി ഫൈനലിലെ ഏറ്റവും ഉയർന്ന സ്‌കോറായ 338 കുറിച്ച ഓസീസിനെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടമാക്കി 341 നേടി ഇന്ത്യൻ വനിതകൾ ഉജ്വല വിജയം കുറിച്ചു. 134 പന്തിൽ 127 റൺ നേടി മിന്നും സെഞ്ച്വറിയോടെ ഇന്ത്യയെ മുന്നിൽ നിന്നു നയിച്ച പെൺപുലി ജെമീമ റോഡ്രിഗ്രസാണ് ഇന്ത്യയ്ക്ക് വിജയത്തിലേയ്ക്കു വഴി കാട്ടിയത്. ടോസ് നേടിയ ഓസീസ് മത്സരത്തിൽ ബാറ്റിംങിന് ഇറങ്ങുകയായിരുന്നു. സ്‌കോർ 25 ൽ നിൽക്കെ ഹീലിയെ (5) വീഴ്ത്തിയ ക്രാൻതി ഗൗഡ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ലിച്ച് ഫീൽഡും (119), എല്ലീസ പെറിയും (77) ചേർന്ന് ഇന്ത്യയ്ക്ക് വൻ വെല്ലുവിളി ഉയർത്തി. ബെത്ത് മോണി (24), ഗാർഡ്‌നർ (63), തഹ്ലിയ മഗ്രാത്ത് (12), കിം ഗാർത്ത് (17) എന്നിവരുടെ സംഭാവന കൂടി ആയതോടെ ഓസീസ് 49.5 ഓവറിൽ 338 ന് ബാറ്റിംങ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മയും, ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും, ക്രാന്തി ഗൗഡയും, അമോജ് കൗറും, രാധാ യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 13 റണ്ണിൽ നിൽക്കെ ഓപ്പണർ ഷെഫാലി വർമ്മ(10)യും, 59 ൽ നിൽക്കെ സ്മൃതി മന്ദാനയും വീണു (24). പിന്നീട് കണ്ടത് ക്യാപ്റ്റൻ ഹർമ്മൻ പ്രീത് കൗറും (89) , ജെമീമയും ചേർന്ന് നടത്തിയ ചെറുത്ത് നിൽപ്പായിരുന്നു. 59 ൽ ഒത്തു ചേർന്ന സഖ്യം 229 ലാണ് പിരിഞ്ഞത്. പിന്നീട് എത്തിയ ദീപ്തി ശർമ്മ 17 പന്തിൽ 24 റണ്ണെടുത്ത് അതിവേഗം റണ്ണടിച്ചു കൂട്ടി. ദീപ്തിയ്ക്ക് പിന്നാലെ ക്രീസിൽ എത്തിയ റിച്ചാ ഘോഷും മോശമാക്കിയില്ല. 16 പന്തിൽ 26 റണ്ണടിച്ചാണ് റിച്ച വിജയത്തിലേയ്ക്കു വഴി വെട്ടിയത്. ഒരു വശത്ത് പുറത്താകാതെ നിന്ന ജെമൈമയ്ക്ക് ഒപ്പം വിജയ റണ്ണടിച്ച അമൻജ്യോത് കൗറും ( എട്ട് പന്തിൽ 15) അവസാനം വരെ ക്രീസിൽ നിന്നു. ഓസീസിന് വേണ്ടി കിം ഗാർത്തും സതർലാൻഡും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
