ലഹരി മുക്തമാക്കാത്ത കേരളത്തിൽ വ്യവസായ സൗഹൃദം വളരില്ല !

തിരുവനന്തപുരം : 2024 -ൽ 1101 കൊലപാതക ശ്രമങ്ങളാണ് കേരളത്തിൽ നടന്നത്! ഇതിൽ ചാകാതെ രക്ഷപെട്ടവരും ചത്തതുപോലെ ജീവിക്കുന്ന മനുഷ്യരുമുണ്ട് . പൊലീസ് കണക്ക് പ്രകാരം 2024ൽ കേരളത്തില്‍ നടന്നത് 335 കൊലപാതകങ്ങൾ .2023-ൽ ഇത് 352 ആയിരുന്നു. 2016 മുതല്‍ 2024 വരെയുള്ള കണക്കെടുത്താല്‍ 2018-ല്‍ മാത്രമാണ് മൂന്നൂറില്‍ താഴെ കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളം സാക്ഷ്യംവഹിച്ചത് അതിക്രൂരമായ മൂന്ന് കൂട്ടക്കൊലകള്‍ക്കാണ് . നരാധമന്‍മാരായ ചെന്താമരയുടേയും ഋതു ജയന്റേയും പേരുകള്‍ അൽപ്പം ഭയത്തോടെയാണ് നമ്മളോർക്കുക.പക്ഷെ അവരെ തോൽപ്പിച്ചുകൊണ്ട് ഇപ്പോൾ ഒരു 23കാരൻ ചോരപുരണ്ട ചുറ്റികയുമായി നമ്മുടെ മനസ്സിൽ കടന്നുവരികയാണ്.അഫാന്‍!!!ഓർക്കുമ്പോൾ പോലും ഭയന്നുപോകാത്ത ആരാണുള്ളത് ? കൊലയ്ക്ക് സ്വീകരിച്ച രീതികളും മാർഗ്ഗങ്ങളും അറിയുമ്പോഴാണ് ഓരോ കൊലപാതക വാർത്തകളും നമ്മളിൽ ഇരട്ടി അമ്പരപ്പുണ്ടാക്കുന്നത് .
രണ്ടായിരത്തി ഒന്നില്‍ സംഭവിച്ച ആലുവ കൂട്ടക്കൊലയായിരുന്നു ഏറെനാള്‍, കേരളസമൂഹത്തിന് മുന്നിലുണ്ടായിരുന്ന അതിക്രൂര കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ആന്റണിയിന്ന് ജീവപര്യന്തം ശിക്ഷയനുഭവിച്ച് ജയിലിലാണ്. ആലുവ കൂട്ടക്കൊല നടന്ന് 23 വര്‍ഷം പിന്നിടുമ്പോള്‍ കൊലപാതകം നടക്കാത്ത ഒരു ദിവസം പോലുമില്ലാത്ത നാടായി സാക്ഷര കേരളം മാറിയിരിക്കുന്നു.ഒന്ന് മുഖം ചുളിച്ചുനോക്കിയാൽ ആത്മഹത്യ , ഇഷ്ടമില്ലാത്ത ആളോട് ഇഷ്ടമില്ലാ എന്ന് പറഞ്ഞാൽ പെട്രോൾ ഒഴിച്ച് കത്തിക്കൽ , പാമ്പിനെകൊണ്ട് കൊത്തിക്കൽ ,ഷോക്കടിപ്പിച്ച് ,സയനൈഡ് കൊടുത്ത് ,പാറയിലേക്ക് എറിഞ്… സ്വന്തം കുഞ്ഞിനേയും ഗൂഗിളിൽ സെർച്ചു ചെയ്‌ത് വെറൈറ്റി കൊലപാതകങ്ങൾ കണ്ടു പഠിക്കുകയാണ് മലയാളി .
ഭൂരിപക്ഷ൦ കൊലപാതക – അക്രമ സംഭവങ്ങൾക്ക് പിന്നിലും ‘ഇന്ധന’മായി പ്രവർത്തിച്ചത് മദ്യമോ മറ്റു ലഹരിവസ്തുക്കളോ ആണെന്നാണ് കേസ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്.അതുകൊണ്ടുതന്നെ കേരളത്തിലെ ലഹരിവാണിഭത്തെക്കുറിച്ച് എക്സൈസ് വകുപ്പ് ഇപ്പോൾ പുറത്തുവിട്ടവസ്‌തുതകൾ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു .സ്‌കൂൾ കേന്ദ്രമാക്കിയുള്ള ലഹരിവിൽപ്പന കേരളത്തിൽ തകൃതിയായി നടക്കുന്നു. കഴിഞ്ഞ ഒരു മാസം പത്തനംത്തിട്ടയിൽ ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്തത് 40 കേസുകളാണ് .മുപ്പതു വയസ്സിനു താഴെയുള്ളവരാണ് മിക്കകേസുകളിലും പ്രതികളെന്ന് എക്സൈസ് വകുപ്പ് പറയുന്നു.നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പത്തിലധികം പുതുതലമുറ ഗായകരെ നിരീക്ഷിച്ച് വരികയാണ് എക്‌സൈസ്. ഇവര്‍ പരിപാടികളുടെ മറവില്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
പരിപാടികള്‍ക്ക് മുന്‍പും ശേഷവും ചില ന്യൂജന്‍ ഗായകര്‍ രാസലഹരി ഉള്‍പ്പെടെ ഉപയോഗിക്കുന്നുവെന്നും ലഹരി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ക്ക് അവസരമുണ്ടാക്കി നല്‍കുന്നുവെന്നുമാണ് എക്‌സൈസിന് ലഭിച്ച വിവരം.അമിത ലഹരി ഉപയോഗം മൂലം പണം വാങ്ങിയേറ്റെടുത്ത പരിപാടി മുഴുവനാക്കാന്‍ പോലും പല ഗായകര്‍ക്കും കഴിയുന്നില്ലെന്നും പ്രാഥമിക പരിശോധനയില്‍ എക്‌സൈസ് കണ്ടെത്തി. പലര്‍ക്കും ശരിക്ക് പാടാനോ പെര്‍ഫോം ചെയ്യാനോ കഴിയുന്നില്ല. പരിപാടി പകുതിവച്ച് നിര്‍ത്തി മടങ്ങേണ്ടതായി വരുന്നു. നിരോധിത ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന ഗായകരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് എക്‌സൈസ് തീരുമാനിച്ചിരിക്കുന്നത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഇവരുടെ മുടിയുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കുമെന്ന് അന്യേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഒരു ഭാഗത്ത് ,കേരളത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ ആഗോളതലത്തിലുള്ള വ്യവസായികൾക്ക് കോടികൾ നിക്ഷേപിക്കാനായി അവസരമൊരുക്കുകയും വിവിധ പദ്ധതികൾ യാഥാർഥ്യമാക്കാനും ശ്രമിച്ചുവരുമ്പോഴാണ് ലഹരി നിക്ഷേപിക്കാനുള്ള ഒരു കേന്ദ്രമായി കേരളത്തെക്കണ്ട് ഒരു തലമുറയെത്തന്നെ ഉന്മൂലനം ചെയ്യുന്നതരത്തിലേക്കുള്ള മയക്കുമരുന്ന് മാഫിയാപ്രവർത്തനങ്ങൾ മറുഭാഗത്ത് സജീവമായി കേരളത്തിൽ സജീവമാകുന്നത്.ഇന്ന് മദ്യ വിൽപ്പന കേരളത്തിൻ്റെ പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറിയിരിക്കുന്നു .മദ്യശാലകൾ സ്ഥാപിക്കുന്നതും അതെ ലക്‌ഷ്യം വെച്ചുതന്നെ .അതുമൂലമുണ്ടാകുന്ന വിപത്തുകൾ സർക്കാറിന് വലിയ വിഷയമാകുന്നുമില്ല.
എന്തായാലും പോലീസും എക്‌സസൈസ് വകുപ്പും യാഥാർഥ്യം തിരിച്ചറിഞ് , കേരളത്തിലേയ്ക്കുള്ള മയക്കുമരുന്ന് ഒഴുക്കിന് തടയിടാനായി കാര്യക്ഷമവും കർശനവുമായ പരിശോധനകളും അന്യേഷണങ്ങളും
നിരീക്ഷണങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായി അറിയാൻ സാധിച്ചു. വളരെ നല്ല കാര്യം ,
ഇല്ലെങ്കിൽ കോടികൾ ഇവിടെ നിക്ഷേപിച്ചാലും കേരളത്തിൻ്റെ വികസന മുന്നേറ്റം ‘പടവലങ്ങ ‘പരുവത്തിലായിപ്പോകും!അങ്ങനെയാകില്ലാ എന്ന് പ്രതീക്ഷിക്കാം.
മുരളി പെരളശ്ശേരി