ഇന്ദിരാഗാന്ധിയില്ലാത്ത നാലുപതിറ്റാണ്ട് !
“ഞാനെത്രകാലം ജീവിച്ചിരിക്കുമെന്നത്തിൽ എനിക്ക് നിശ്ചയമില്ല. എന്നാൽ ജീവിച്ചിരിക്കുന്ന കാലത്തോളം എൻ്റെ രാജ്യത്തിൻ്റെ സേവക ആയിരിക്കും ഞാൻ. എൻ്റെ ശരീരത്തിൽ അടർന്നു വീഴുന്ന ഓരോ തുള്ളി ചോരയും എൻ്റെ രാജ്യത്തിൻ്റെ വളക്കൂറുള്ള മണ്ണായി തീരും “ എന്ന് നെഞ്ചിൽ തൊട്ടു ലോകത്തോട് വിളിച്ച് പറഞ്ഞ ഒരേ ഒരു ഭരണാധികാരി!ഇന്ദിരാ ഗാന്ധി.
ഇന്ത്യയുടെ ആ ഉരുക്കുവനിത ദീപ്‌തമായൊരു ഓർമ്മയായിട്ട് ഇന്നേക്ക് 40 വർഷം! 1984ലെ ഇതുപോലൊരു ഒക്ടോബര്‍ 31ലെ പ്രഭാതത്തിലാണ് ഡൽഹി സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്ന് അക്ബർ റോഡിലെ ഓഫീസിലേക്കുള്ള പുൽത്തകിടിയിലൂടെ നടക്കുന്നതിനിടയിൽഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ ജീവിതത്തിന് അന്ത്യം കുറിക്കുന്നത്.
തൻ്റെ വസതിയുടെ കവാടത്തിൽ കാവൽനിന്ന സ്വന്തം സംരക്ഷകരുടെ തോക്കുകളിൽ നിന്ന്, നെഞ്ചിലേയ്ക്ക് പാഞ്ഞെത്തിയ വെടിയുണ്ടകളേറ്റു ഇന്ദിരാഗാന്ധി നിപതിച്ചപ്പോൾ ഒരു യുഗത്തിൻ്റെതന്നെ ആകസ്‌മിക വിയോഗമായി അത് മാറി .
9 വർഷം ജീവൻ സംരക്ഷിച്ച അംഗരക്ഷകർതന്നെയാണ് ഇന്ദിരാ ഗാന്ധിയുടെ ജീവനെടുത്തത് . ഖലിസ്ഥാൻ വിഘടനവാദികളെ അടിച്ചമർത്താൻ സുവർണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാനെടുത്ത തീരുമാനം തന്റെ മരണവിധിയായി മാറുമെന്ന് ഇന്ദിരാ പ്രിയദർശിനി ഒരിക്കലും കരുതിക്കാണില്ല. വിശ്വാസം അത് മറ്റെന്തിനേക്കാളും വലിയ തീവ്രവികാരമായി ചില മനുഷ്യർ പേറി നടക്കുന്നു എന്നതിന്റെ മറ്റൊരു നടക്കുന്ന ഓർമ്മപ്പെടുത്തലാണ് ഇന്ദിരാഗാന്ധി വധം.
‘ഓപ്പറേഷൻ ബ്ലൂസ്റ്റാറി’ൽ പ്രകോപിതരായ സബ് ഇൻസ്പ്കടർ ബിയാന്ത് സിങും കോൺസ്റ്റബിൾ സത് വന്ത് സിങും ചേർന്ന് ആ ജീവനെടുത്തപ്പോൾ രാജ്യത്തിന് നഷ്ട്ടപ്പെട്ടത് കരുത്തുറ്റ ഒരു ഭരണാധികാരിയെ ആയിരുന്നു.
ഒരേ സമയം ജനകോടികൾ ആരാധിക്കുകയും ഭരണപരമായ നയങ്ങളിലൂടെ മരണത്തിനു ശേഷവും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു ഭരണാധികാരി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാവില്ല.
ഇന്ത്യൻ ജനാധിപത്യത്തെ കുരുതികൊടുത്ത അടിയന്തരാവസ്ഥ നടപ്പിലാക്കിയതും ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാൻ മുൻകൈയെടുത്തതുമൊക്കെ ഇന്ദിരാഗാന്ധിയുടെ അനശ്വരതയ്ക്ക് മങ്ങലേൽപ്പിച്ച നയങ്ങളായിരുന്നു.
എന്നാൽ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ആവിഷ്ക്കരിച്ച പല പദ്ധതികളും അവരുടെ ഭരണമികവിന്റെ രേഖകളായി ചരിത്രത്തിൽ എഴുതപ്പെട്ടിട്ടുമുണ്ട്.
സാമ്പത്തികരംഗത്ത് വൻ വിപ്ലവം സൃഷ്ട്ടിച്ച ബാങ്ക് ദേശസാൽകരണം, സൈലന്റ് വാലി പോലെയുള്ള പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍. ഹരിത വിപ്ലവം അതങ്ങനെ നീണ്ടു നിൽക്കുന്നു.
ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയത് ഇന്ദിരാഗാന്ധിയായിരുന്നു.ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളിയാണ് ഇന്ദിര ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് വിളിച്ചഒരു കാലമായിരുന്നു അത്.. പാകിസ്ഥാനോട് യുദ്ധം ചെയ്ത് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയപ്പോൾ, എതിരാളികൾ പോലും അവരെ ‘ദുർഗ്ഗ’എന്ന് വിശേഷിപ്പിച്ചു !
സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്ന ഹെൻറി കിസിംഗർ ഇന്ദിരാഗാന്ധിയെ വിശേഷിപ്പിച്ചത് “അയൺ ലേഡി” എന്നാണ്
ഉരുക്കുവനിത എന്ന ആ വിളിപ്പേരിൽ തന്നെ പെൺകരുത്തിന്റെ തീക്ഷ്‌ണതയുണ്ട്, ഉരുകാത്ത ചങ്കുറപ്പുണ്ട്.
ഇന്ദിര ഒരു ഉജ്ജ്വല സ്മരണയായി ജനഹൃദയങ്ങളിൽ ജീവിക്കുന്നതും അതുകൊണ്ടു തന്നെ !