രണ്ട് ഇൻഡിഗോ വിമാനങ്ങൾക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി. ചെന്നൈ-മുംബൈ, വാരണാസി-ന്യൂഡൽഹി വിമാനങ്ങൾക്കാണ് ഭീഷണി ഉണ്ടായത്. രണ്ടുവിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
ശനിയാഴ്ച ചെന്നൈയിൽനിന്ന് രാവിലെ 6.55-ന് മുംബൈയിലേക്ക് പുറപ്പെട്ട ആറ്-ഇ- 5314 വിമാനത്തിനാണ് മുംബൈയിലെത്താറായപ്പോൾ ബോംബ് ഭീഷണിയുണ്ടായത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സന്ദേശം ലഭിച്ചയുടൻ പൈലറ്റ് മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ച് രാവിലെ എട്ടരയോടെ വിമാനം ഇറക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
ചൊവ്വാഴ്ച വാരണാസിയിലേക്ക് പോയ മറ്റൊരു ഇൻഡിഗോ വിമാനത്തിന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ലഭിച്ചു.പരിശോധനക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
വാരാണസിയിൽനിന്ന് ഡൽഹിക്കുള്ള ആറ്-ഇ-2232 വിമാനത്തിൽ യാത്രക്കാരന്റെ കൈവശം ബോംബുണ്ടെന്ന് അയാളുടെ ഭാര്യയാണ് വിമാനത്താവളത്തിലേക്ക് വിളിച്ച് അറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഡൽഹിയിലിറങ്ങിയ വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മീററ്റ് സ്വദേശിയായ യാത്രക്കാരനെ പോലീസ് ചോദ്യംചെയ്തു. ഭാര്യ പഴയ വാർത്തകണ്ട് വിളിച്ചതാണെന്നും അവർ മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇയാൾ മൊഴി നൽകി. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണ്