എഡ്‌ജ്‌ബാസ്റ്റണിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ ശുഭ്‌മന്‍ ഗില്ലും സംഘവും

ന്യൂഡൽഹി: എഡ്‌ജ്‌ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിന് കീഴടക്കി ഇന്ത്യയുടെ ശുഭ്‌മന്‍ ഗില്ലും സംഘവും പുതുചരിത്രമെഴുതി. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ജയത്തോടെ, ഗിൽ നയിക്കുന്ന ടീം ഇന്ത്യ നിരവധി റെക്കോർഡുകളാണ് ഇംഗ്ലണ്ടില്‍ തകര്‍ത്തത്. ആറു വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്സിൽ ഇരട്ടസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയുമായി ഗിൽ മുൻപിൽ നിന്ന് നയിച്ചപ്പോൾ ചരിത്രവിജയമാണ് പിറന്നത്.
ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ആകാശ് ദീപ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്സിൽ 4 വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകളും താരം വീഴ്ത്തി. ടെസ്റ്റ് കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. ഇതോടെ, ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ ബൗളറും 10 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറുമായി ആകാശ് മാറി.ആദ്യ ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസും നേടിയ ശുഭ്‌മന്‍ ഗിൽ ഒരു ടെസ്റ്റ് മത്സരത്തിൽ 430 റൺസെന്ന നേട്ടം സ്വന്തമാക്കി. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററും ഒരു ടെസ്റ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്ററുമായി താരം മാറി.
ഇംഗ്ലണ്ടിനെതിരെ 336 റൺസിന്‍റെ വിജയത്തോടെ, റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ വിദേശത്ത് നേടുന്ന ഏറ്റവും വലിയ ടെസ്റ്റ് വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്. നോർത്ത് സൗണ്ടിൽ വെസ്റ്റ് ഇൻഡീസിനെ 318 റൺസിന് പരാജയപ്പെടുത്തിയതാണ് ഇതിനുമുമ്പ് ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ ജയം.
58 വർഷത്തിന് ശേഷമാണ് എഡ്‌ജ്‌ബാസ്റ്റണിൽ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. മുമ്പ്, 1967 ൽ മൻസൂർ പട്ടൗഡി, 1974 ൽ അജിത് വഡേക്കർ, 1979 ൽ വെങ്കിടരാഘവൻ, 1986 ൽ കപിൽ ദേവ്, 1996 ൽ മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ടെസ്റ്റ് കളിച്ചെങ്കിലും അവര്‍ക്കൊന്നും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. 1967 മുതൽ ഇന്ത്യ ഈ മൈതാനത്ത് ആകെ 8 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 7 എണ്ണത്തില്‍ തോൽവിയും ഒരു മത്സരം സമനിലയുമായിരുന്നു ഫലം.