ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ. ഒരു വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24 കാരനായ ഇന്ത്യൻ ഇടംകൈയ്യൻ ബാറ്റര്‍ അഭിഷേക് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. നിലവിൽ 829 റേറ്റിങ് പോയിന്‍റാണ് അഭിഷേകിനുള്ളത്. ട്രാവിസ് ഹെഡിന് 814 റേറ്റിങുമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയാണ് താരം കളിക്കുന്നത്. 2024-ൽ ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തിനിടെയാണ് അഭിഷേക് അന്താരാഷ്ട്ര ടി20 കളത്തിലിറങ്ങിയത്. തന്‍റെ രണ്ടാമത്തെ ടി20 മത്സരത്തിൽ തന്നെ സെഞ്ച്വറി താരം നേടി.2025 ഫെബ്രുവരിയൽ ഇംഗ്ലണ്ടിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ 54 പന്തിൽ നിന്ന് 135 റൺസ് നേടിയ താരം, ടി20യിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡ് ഭേദിച്ചു. ടി20യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇന്ത്യക്കാരനെന്ന റെക്കോർഡും താരം സ്വന്തമാക്കി. ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക് ശർമ. ഇതിന് മുൻപ് കോലിയും സൂര്യകുമാർ യാദവുമാണ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.