അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

0

അമൃത്സര്‍: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്ന് ആരോപിക്കപ്പെടുന്ന 104 പേരുമായി അമേരിക്കന്‍ വ്യോമസേനാ വിമാനം പഞ്ചാബിലെ അമൃത്സറിലെത്തി. വ്യോമസേനാ വിമാനമായ സി-17ലാണ് ഇവരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. അമേരിക്കയിലെ സാന്‍ അന്‍റോണിയോയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് വിമാനം പുറപ്പെട്ടത്.പഞ്ചാബില്‍ നിന്നുള്ള മുപ്പത് പേരും ഹരിയാനയില്‍ നിന്നുള്ള 33 പേരും ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടുപേരുമാണ് സംഘത്തിലുള്ളത്. എട്ടിനും പത്തിനുമിടയില്‍ പ്രായമുള്ള കുട്ടികളടങ്ങിയ കുടുംബങ്ങളും സംഘത്തിലുണ്ട്. ഇപ്പോഴെത്തിയവരില്‍ കുറ്റകൃത്യ പശ്ചാത്തലമുള്ളവരില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പഞ്ചാബ് പൊലീസ്, സിഐഎസ്‌എഫ് അംഗങ്ങളെ വിമാനത്താവളത്തിനകത്തും പുറത്തും വിന്യസിച്ചിട്ടുണ്ട്. തിരിച്ചെത്തിയവരെ അവരവരുടെ വീടുകളിലെത്തിക്കാനായി പഞ്ചാബ് സര്‍ക്കാര്‍ വിമാനത്താവളത്തില്‍ ബസുകള്‍ സജ്ജമാക്കിയിരുന്നു.

കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങിയവരെയാണ് തിരിച്ചയച്ചത്. കുടിയേറ്റ, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പഞ്ചാബ് പൊലീസിന് കൈമാറുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരവധി പേരുടെ ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 11 ജീവനക്കാരും 45 അമേരിക്കന്‍ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. ഇന്ത്യാക്കാരെ എത്തിച്ച ശേഷം ഇവര്‍ തിരികെ പോകും.തിരികെ എത്തുന്ന ഇന്ത്യാക്കാരുടെ കുറ്റകൃത്യ പശ്ചാത്തലം പരിശോധിക്കണമെന്ന് നേരത്തെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് കണ്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം അമേരിക്കയിലേക്ക് രക്ഷപ്പെട്ടവര്‍ സംഘത്തിലുണ്ടായേക്കാം എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ മുന്നറിയിപ്പ്. എന്നാല്‍ ഇത്തരം നടപടികളൊന്നും തന്നെ വേണ്ടി വന്നില്ല.

അമേരിക്കയില്‍ പതിനഞ്ച് ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 18000 ഇന്ത്യാക്കാരുണ്ട്. ഇവരുടെ പട്ടിക അമേരിക്ക തയാറാക്കിയിട്ടുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന നിരവധി ഇന്ത്യാക്കാരെ ട്രംപിന്‍റെ നടപടി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതിര്‍ത്തി-കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ നയതന്ത്ര കാര്യാലയ വക്താവ് വ്യക്തമാക്കിയിരുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *