ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം, മഹാവിജയത്തില്‍ മഹാ റെക്കോര്‍ഡുമായി ടീം ഇന്ത്യ

0

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 434 റണ്‍സിന്‍റെ വിജയം ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ റെക്കോര്‍ഡ്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എക്കാലത്തെയും വലിയ വിജയമാണിത്. 2021ല്‍ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ 372 റണ്‍സിന് ജയിച്ചതായിരുന്നു ഇതിന് മുമ്പ് റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം.

2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഡല്‍ഹിയില്‍ 337 റണ്‍സിനും 2016ല്‍ ന്യൂസിലന്‍ഡിനെതിരെ ഇന്‍ഡോറില്‍ 321 റണ്‍സിനും 2008ല്‍ മൊഹാലിയില്‍ ഓസ്ട്രേലിയക്കെതിരെ 320 റണ്‍സിനും ജയിച്ചതാണ് ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റ് വലിയ മഹാ വിജയങ്ങള്‍.അതേസമയം ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ തോല്‍വിയും കഴിഞ്ഞ 90 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തോല്‍വിയുമാണിത്. 1934ല്‍ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ 562 റണ്‍സിന് തോറ്റതാണ് റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും വലിയ തോല്‍വി.

ഇന്ത്യക്കായി ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റും സെഞ്ചുറിയും നേടുന്ന നാലാമത്തെ താരമാണ് രവീന്ദ്ര ജഡേജ. ഇത് രണ്ടാം തവണയാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കുന്നത്. അശ്വിന് ശേഷം ഈ നേട്ടം ഒന്നില്‍ കൂടുതല്‍ തവണ സ്വന്തമാക്കുന്ന താരവും ജഡേജയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് തവണയും ഇംഗ്ലണ്ടിനെതിരെ ഒരു തവണയും ആര്‍ ആശ്വിന്‍ സെഞ്ചുറിയും അഞ്ച് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ശ്രീലങ്കക്കെതിരെ 2022ല്‍ രവീന്ദ്ര ജഡേജ സെഞ്ചുറിയും അഞ്ച് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *