ഇന്ത്യൻ താരങ്ങള്‍ മാത്രം മതി, രോഹിതും പാണ്ഡ്യയും മുംബൈയിൽ തുടരും; ഇഷാൻ, തിലക് ലേലത്തിന്
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് രോഹിത് ശർമയുൾപ്പടെ നാല് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ മുംബൈ ഇന്ത്യൻസ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെയാകും 2025 ഐപിഎല്ലിനു മുന്നോടിയായി മുംബൈ നിലനിർത്തുക. അൺകാപ്ഡ് ഇന്ത്യൻ താരമായി ആരെയും നിലനിർത്താൻ മുംബൈയ്ക്കു താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ സീസണോടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായെങ്കിലും രോഹിത് ശർമ ഇനിയും മുംബൈയുടെ പ്രധാന താരമായി തുടരും. ഐപിഎല്ലിലെ പുതിയ നിയമപ്രകാരം, ഒരു ടീമിന് ആറു താരങ്ങളെയാണു പരമാവധി നിലനിര്‍ത്താൻ സാധിക്കുക.
അതിൽ അഞ്ചു പേർവരെ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ളവരാകാം.രണ്ട് അൺകാപ്ഡ് താരങ്ങളെയും ടീമുകൾക്കു നിലനിര്‍ത്താൻ സാധിക്കും. എന്നാൽ പ്രധാന താരങ്ങളെ മാത്രം നിലനിർത്തിയാൽ മതിയെന്ന നിലപാടിലാണ് മുംബൈ. രോഹിത്, പാണ്ഡ്യ, ബുമ്ര, സൂര്യകുമാർ എന്നിവരെ നിലനിർത്തുന്നതോടെ മുംബൈയുടെ പഴ്സിൽനിന്ന് 61 കോടിയോളം രൂപ കുറയും.ലേലത്തിൽ മുംബൈയുടെ ഫണ്ട് കുറയുമെങ്കിലും, ടീമിന്റെ അടിത്തറ ചോർന്നുപോകാതിരിക്കാനാണ് പ്രധാന താരങ്ങളെ മാത്രം മാനേജ്മെന്റ് നിലനിർത്തിയത്. ഇതോടെ ഇഷാൻ കിഷൻ, തിലക് വർമ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ് തുടങ്ങിയ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാനായിരിക്കും മുംബൈയുടെ ശ്രമം.