നാലു വർഷത്തിനുശേഷം ആദ്യമായി നാട്ടിലേക്;ഇന്ത്യൻ വംശജയായ യുവതി വിമാനത്തിൽ മരിച്ചു
മെൽബൺ : നാലു വർഷത്തിനുശേഷം ആദ്യമായി നാട്ടിലേക്കു മടങ്ങാൻ വിമാനത്തിൽ കയറിയ ഇന്ത്യൻ വംശജയായ യുവതി ഓസ്ട്രേലിയയിൽനിന്നുള്ള വിമാനത്തിൽ മരിച്ചു. ജൂൺ 20ന് ന്യൂഡൽഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റസ് വിമാനത്തിൽ മെൽബണിലെ ടുല്ലാമറൈൻ വിമാനത്താവളത്തിൽനിന്നു കയറിയ മൻപ്രീത് കൗർ (24) ആണു സീറ്റിലിരുന്ന് ബെൽറ്റ് ഇടുന്നതിനിടെ മരിച്ചതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപുതന്നെ മൻപ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീറ്റ് ബെൽറ്റിടാൻ ശ്രമിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മരിച്ചു. ടിബി ബാധിതയായിരുന്ന അവർ രോഗം മൂർച്ഛിച്ചാണ് മരിച്ചതെന്നാണു വിവരം. ഷെഫ് ആകാൻ പഠിക്കുകയായിരുന്ന മൻപ്രീത് ഓസ്ട്രേലിയ പോസ്റ്റിനുവേണ്ടി ജോലി ചെയ്യുകയായിരുന്നു. 2020 മാർച്ചിലാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്.