അമേരിക്കയിൽ വാഹനാപകടത്തില്‍ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

മിസൗറി /ഹൈദരാബാദ്: അമേരിക്കയിൽ അവധി ആഘോഷിച്ചു മടങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ വാഹനാപകടത്തെ തുടർന്നുണ്ടായ തീപിടുത്തത്തിൽ വെന്തുമരിച്ചു. മിസൗറി ഗ്രീൻ കൗണ്ടിയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശികളായ ബെജിഗം ശ്രീവെങ്കട്ട് (40), ഭാര്യ ചൊല്ലെറ്റി തേജസ്വനി (36), മക്കളായ സിദ്ധാർത്ഥ (9), മൃദു(7) എന്നിവരാണ് മരിച്ചത്. എതിരെ വന്ന ട്രക്കുമായി ഇവർ സഞ്ചരിച്ച കാർ കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
അറ്റ്ലാൻ്റയിൽ അവധിക്കാലം ആഘോഷിക്കാൻ പോയ കുടുംബം ബന്ധുക്കളെ സന്ദർശിച്ച് ഡാളസിലെ വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. മിനി ട്രക്ക് കാറുമായി കൂട്ടിയിടിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നുവെന്ന് ലോക്കൽ പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാല് പേരും മരിച്ചതായും പൊലീസ് അറിയിച്ചു.
ശ്രീവെങ്കട്ടിൻ്റെ സഹോദരി ദീപികയെയും മറ്റ് ബന്ധുക്കളെയും കാണാനും അവധിക്കാലം ആഘോഷിക്കാനുമാണ് കുടുംബം കഴിഞ്ഞ ആഴ്‌ച അറ്റ്ലാൻ്റയിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന മാതാപിതാക്കൾ അറ്റ്ലാൻ്റയിൽ തന്നെ തങ്ങാൻ തീരുമാനിച്ചതിനെ തുടർന്ന് ശ്രീവെങ്കട്ടും തേജസ്വിനിയും കുട്ടികളും ഡാളസിലേയ്ക്ക് മടങ്ങും വഴിയായിരുന്നു അപകടം.
അപകടസ്ഥലത്ത് നിന്ന് ലഭിച്ച സ്‌കൂൾ ഐഡി കാർഡിൻ്റെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡാളസിലെ ഇവരുടെ വീട് പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. സഹോദരി ദീപികയുമായി പൊലീസ് ബന്ധപ്പെടുകയും കുടുംബം യാത്ര ചെയ്‌തതിനെക്കുറിച്ച് അന്വേഷിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം അപകടസ്ഥലത്ത് നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.ഹൈദരാബാദിന് സമീപമുളള തിരുമൽഗിരി സ്വദേശിയാണ് മരിച്ച ശ്രീവെങ്കട്ട്. കൊമ്പള്ളി എൻസിഎൽ ബോർഡ് അവന്യൂ സ്വദേശിയാണ് ഭാര്യ തേജസ്വിനി. ഇരുവരും അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായി ജോലി ചെയ്‌തു വരികയായിരുന്നു. 2013 ലായിരുന്നു ഇവരുടെ വിവാഹം. ഡാളസിൽ ജോലി നേടി ശ്രീവെങ്കട്ട് മൂന്നര വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. അതിനു ശേഷമാണ് ഭാര്യയും കുട്ടികളും മാതാപിതാക്കളും ശ്രീവെങ്കട്ടനോടൊപ്പം താമസം മാറുന്നത്.