‘2025ല്‍ ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമാകും”:അന്താരാഷ്ട്ര നാണയനിധി
വാഷിങ്ടണ്‍: ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ ദുര്‍ബലമാകുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മാനേജിങ് ഡയറക്‌ടര്‍ ക്രിസ്റ്റാലിന ജോര്‍ജിവ. ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ഇക്കൊല്ലം ചില അസ്ഥിരതകള്‍ പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കയുടെ വാണിജ്യ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളാകും ഇതിന് കാരണമെന്നും അവര്‍ വ്യക്തമാക്കി.ആഗോള വളര്‍ച്ചാനിരക്ക് സ്ഥിരത പുലര്‍ത്തുമെങ്കിലും പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്നും തന്‍റെ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമ്പദ്ഘടന 2025ല്‍ നേരിയതോതില്‍ ദുര്‍ബലമായേക്കാമെന്ന് പറഞ്ഞ അവര്‍, ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണത്തിന് തയാറായില്ല. വേള്‍ഡ് ഇക്കോണമി ഔട്ട്ലുക്കിന്‍റെ പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് വിശദാംശങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ പ്രതീക്ഷിച്ചതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കും അമേരിക്കയുടെ സമ്പദ്ഘടനയുടെ പ്രകടനം. അതേസമയം യൂറോപ്യന്‍ യൂണിയന്‍റെ പ്രകടനം അത്ര മികച്ചതാകില്ല. ഇന്ത്യ ദുര്‍ബലമാകും. ബ്രസീലില്‍ ഉയര്‍ന്ന വിലക്കയറ്റം നേരിടേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന നാണ്യശോഷണത്തിന്‍റെ സമ്മര്‍ദ്ദം നേരിടേണ്ടി വരുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ആഭ്യന്തരചോദനയും നിലവിലുള്ള സമ്മര്‍ദങ്ങളുമാണ് ഇതിന് കാരണമെന്നും അവര്‍ പറഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ക്ക്, അവരുടെ എല്ലാ പ്രയ്‌ത്നങ്ങള്‍ക്കും ഉപരിയായി കൂടുതല്‍ ആഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ജോര്‍ജിവ കൂട്ടിച്ചേര്‍ത്തു.