മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച്‌ കായികലോകം

0

ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം കറുത്ത ആംബാൻഡുകള്‍ ധരിച്ച് കളിക്കാനിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങള്‍. അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരവായിട്ടാണ് ഇന്ത്യൻ താരങ്ങള്‍ ആംബാൻഡുകള്‍ ധരിച്ചിരിക്കുന്നത്.

‘അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ടീം കറുത്ത ആം ബാന്‍ഡ് ധരിച്ചിരിക്കുന്നു,’ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിസന്ധിഘട്ടങ്ങളെപ്പോലും ശാന്തമായി നേരിടാനുള്ള കഴിവാണ് ഡോ. മൻമോഹൻ സിങ്ങിനെ മറ്റ് നേതാക്കളില്‍ നിന്നും വേറിട്ട് നിര്‍ത്തിയതെന്ന് മുൻ ക്രിക്കറ്റ് താരവും ആം ആദ്‌മിയുടെ രാജ്യസഭ എംപിയുമായ ഹര്‍ഭജൻ സിങ് പറഞ്ഞു. പ്രധാനമന്ത്രിക്ക് പുറമെ മൻമോഹൻ സിങ് ഒരു ചിന്തകനും സാമ്പത്തിക വിദഗ്‌ധനും യഥാര്‍ഥ രാജ്യസ്നേഹിയുമായിരുന്നുവെന്ന് മുൻ ഗുസ്‌തി താരവും ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്‍റെ ശാന്തമായ നേതൃത്വ ശൈലിയും സാമ്പത്തിക കാഴ്‌ചപ്പാടുകളും ഇന്ത്യയ്‌ക്ക് പുതിയ ദിശ സമ്മാനിച്ചു.

മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തില്‍ മറ്റ് കായിക താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവും യഥാര്‍ഥ രാഷ്‌ട്രതന്ത്രജ്ഞനനുമാണ് മൻമോഹൻ സിങ്ങെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് അഭിപ്രായപ്പെട്ടു. മുൻ പ്രധാനമന്ത്രിയുടെ ജ്ഞാനവും വിനയവും എക്കാലവും ഓര്‍മിക്കപ്പെടുമെന്നും യുവരാജ് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

അദ്ദേഹത്തിന്‍റെ ഓരോ വാക്കിലും വിനയത്തിന്‍റെയും വിവേകത്തിന്‍റെയും ആഴം ഉണ്ടായിരുന്നു. രാജ്യത്തിനായി അദ്ദേഹം നല്‍കിയ സേവനങ്ങളും സംഭാവനകളും എക്കാലവും സ്‌മരിക്കപ്പെടുമെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു. മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്‌മൺ, മുൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ തുടങ്ങി നിരവധി പ്രമുഖരും മൻമോഹൻ സിങ്ങിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) മരണപ്പെട്ടത്. രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു അദ്ദേഹം രാജ്യസഭയില്‍ നിന്നും വിരമിച്ചത്.സംസ്കാര കർമ്മങ്ങൾ നാളെ നടക്കും.

 

********************************************************************************************************************

സെഞ്ച്വറി കരുത്തില്‍ സ്മിത്ത്; ഓസ്‌ട്രേലിയ 474ന് ഓള്‍ഔട്ട്, ബുംറയ്ക്ക് നാലുവിക്കറ്റ്

സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 474 റണ്‍സ് നേടി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ചായക്ക് പിരിയുന്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. മൂന്ന് റണ്‍സ് എടുത്ത നായകന്‍ രോഹിത് ശര്‍മ, 24 റണ്‍സ് എടുത്ത കെഎല്‍ രാഹുല്‍ എന്നിവരാണ് പുറത്തായ താരങ്ങള്‍. പാറ്റ് കമ്മിന്‍സിനാണ് രണ്ടുവിക്കറ്റുകളും.

ഇന്ത്യയ്ക്ക് വേണ്ടി ബുംറ നാലുവിക്കറ്റ് നേടി. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ നാലാം ടെസ്റ്റിന്റെ രണ്ടാം ദിവസം സ്മിത്തിന്റെ സെഞ്ച്വറിയാണ് തിളക്കം പകര്‍ന്നത്. 197 പന്തില്‍ 140 റണ്‍സെടുത്ത സ്മിത്തിനെ ആകാശ് ദീപ് ആണ് പുറത്താക്കിയത്. വാലറ്റത്ത് പാറ്റ് കമ്മിന്‍സുമായി ചേര്‍ന്ന് 112 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് നിര്‍ണായകമായത്.

ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തില്‍ 86 ഓവറില്‍ 311 റണ്‍സെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 63 പന്തില്‍ 49 റണ്‍സെടുത്ത ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിന്‍സിന്റെ മടക്കം.സാം കോണ്‍സ്റ്റാസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), മാര്‍നസ് ലബുഷെയ്ന്‍ (145 പന്തില്‍ 72), ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചല്‍ മാര്‍ഷ് (13 പന്തില്‍ നാല്), അലക്സ് ക്യാരി (41 പന്തില്‍ 31), മിച്ചല്‍ സ്റ്റാര്‍ക്ക് 15 എന്നിവരാണു പുറത്തായ ബാറ്റര്‍മാര്‍.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *