ഇംഗ്ലണ്ടില്‍ തകർപ്പൻ ഫോമിൽ ചെഹൽ, അഞ്ചു വിക്കറ്റ് നേട്ടം; അവസരം നല്‍കാതെ മാറ്റിനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം
ലണ്ടന്‍∙ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം യുസ്‍വേന്ദ്ര ചെഹൽ. കൗണ്ടിയില്‍ നോർത്താംപ്ടൻ ഷെയറിന്റെ താരമാണ് ചെഹൽ. കഴിഞ്ഞ ദിവസം ഡെർബിഷെയറിനെതിരായ പോരാട്ടത്തിൽ അഞ്ചു വിക്കറ്റു വീഴ്ത്തിയ ചെഹൽ എതിരാളികളെ പ്രതിരോധത്തിലാക്കി. ഡെർബിഷെയർ ആദ്യ ഇന്നിങ്സിൽ 165 റൺസെടുത്തു പുറത്തായി.
16.3 ഓവറുകൾ പന്തെറിഞ്ഞ ചെഹൽ 45 റൺസാണ് ആദ്യ ഇന്നിങ്സിൽ വഴങ്ങിയത്. കൗണ്ടി ക്രിക്കറ്റിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഒരു വിക്കറ്റ് നേടാൻ മാത്രമാണ് ചെഹലിനു സാധിച്ചിരുന്നത്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ചെഹലിന്റെ മൂന്നാമത്തെ അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ഫസ്റ്റ് ക്ലാസിൽ 100 വിക്കറ്റുകളെന്ന നേട്ടത്തിലേക്കും ചെഹൽ എത്തി. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ചെഹലിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഈ വർഷം ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് ബിസിസിഐ അവസരം നൽകിയിരുന്നില്ല.
ലോകകപ്പിനു ശേഷം നടന്ന സിംബാബ്‍വെ, ശ്രീലങ്ക പര്യടനങ്ങളിലും ചെഹലിനെ മാറ്റിനിർത്തി. ചൈനാമാൻ ബോളർ കുൽദീപ് യാദവ് ദേശീയ ടീമിൽ ഗംഭീര ഫോമിലാണ് കളിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ചെഹലിന് അവസരങ്ങൾ കുറഞ്ഞത്. 34 വയസ്സുകാരനായ ചെഹൽ കഴിഞ്ഞ വര്‍ഷം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഒടുവിൽ കളിച്ചത്. ടീം ഇന്ത്യയ്ക്ക് ബാറ്റിങ്ങിലും വിശ്വസിച്ച് ഉപയോഗിക്കുന്ന താരമാണ് കുൽദീപ് യാദവ്. പക്ഷേ ചെഹല്‍ അടുത്തകാലത്തൊന്നും മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയിട്ടില്ല. ഇതും താരത്തിന്റെ പുറത്താകലിനു കാരണമായി.